ഉറ്റവരെക്കാത്ത്.. പ്രതീക്ഷയോടെ ടൈറ്റസ്..

Share

തിരുവനന്തപുരം: ഓർമ്മശക്തി തിരിച്ചു കിട്ടി തുടങ്ങിയിട്ടേയുള്ളൂ ടൈറ്റസിന്. എന്നാൽ കഴിഞ്ഞ കാലത്തെക്കുറിച്ചൊന്നും ഓർത്തെടുക്കാനുള്ള അവസ്ഥയിലെത്തിയിട്ടുമില്ല. എങ്കിലും നേരം പുലർന്നാലുടൻ ഉറ്റവരുടെ വരവും പ്രതീക്ഷിച്ച് ആശുപത്രിക്കിടക്കയിൽ കാത്തിരിപ്പാണ് ഈ വയോധികൻ.

ജൂലായ് 31നാണ് അബോധാവസ്ഥയിൽ അജ്ഞാത രോഗിയായി ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കൊല്ലം തങ്കശേരി കടപ്പുറത്ത് അബോധാവസ്ഥയിൽ കണ്ടതിനാൽ സാമൂഹ്യ പ്രവർത്തകനായ ഗണേഷ് എന്നയാളും നാട്ടുകാരും ചേർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്നു കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ഇപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ടൈറ്റസ് ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. പേര് ടൈറ്റസെന്നും സ്ഥലം അഞ്ചുതെങ്ങ് മുതലപ്പൊഴിയെന്നും പറയുന്നുണ്ട്. ഉദ്ദേശം 65 വയസു തോന്നിക്കുന്ന ടൈറ്റസ് ആശുപത്രിയിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയുമെല്ലാം സംരക്ഷണയിലാണിപ്പോഴുള്ളത്. ബന്ധുക്കളുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന ടൈറ്റസ് ഓരോ കാൽപ്പെരുമാറ്റവും വളരെ പ്രതീക്ഷയോടെയാണ് ശ്രവിക്കുന്നത്.

നിലവിൽ ആശുപത്രി വിടാൻ തക്കവിധം ടൈറ്റസിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.  ബന്ധുക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ അറിയിച്ചു.