ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനം ഉറപ്പാക്കണം: മന്ത്രി ജി.ആർ. അനിൽ

Share

സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനങ്ങളും ആനുകൂല്യങ്ങളും യഥാസമയം എത്തിക്കുമ്പോഴാണ് സർക്കാരിന്റെ പ്രവർത്തനം പൂർണമാകുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പൊതുവിതരണ സംവിധാനം ഇ-ഗവേണൻസ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസത്തെ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തോടെ വിഷയങ്ങൾ സ്വയം ഏറ്റെടുക്കുകയും അവ നടപ്പിലാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തണം. സർക്കാരിന്റെ പ്രവർത്തനം വളരെ സുതാര്യമാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥർ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
റേഷൻകടകളുടെ നിലവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, കാര്യക്ഷമമായ പൊതുവിതരണം, സ്‌പ്ലൈകോ മാവേലി സ്റ്റോറുകൾ/ സൂപ്പർ മാർക്കറ്റുകൾ ഇവയുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ശിൽപശാലയിൽ രൂപരേഖ തയ്യാറാക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു സ്വാഗതം പറഞ്ഞു. റേഷനിംഗ് കൺട്രോളർ ശ്രീലത നന്ദി രേഖപ്പെടുത്തി.