ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഇ. ശ്രീധരനെ പുതിയ പദവിയിലേക്ക് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ലഭ്യമായ വിവരം.
ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഭരണത്തിൽ രണ്ടുവർഷം പൂർത്തിയായ കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.
കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഇ. ശ്രീധരന്റെയുൾപ്പെടെ പേരുകള്‍ യോഗത്തിൽ പരിഗണിക്കുന്നത്. ഘടക കക്ഷികൾക്ക് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉൾപ്പെടുത്തിയുള്ള പട്ടിക തയ്യാറാക്കാനാണ് തീരുമാനം.
ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. ഇതിന് ശേഷം പുതിയതായി ആരൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും.