ഇന്ന് വിനായക ചതുർത്ഥി. ഹൈന്ദവ വിശ്വാസികൾ ഗണപതി ഭഗവാൻറെ ജന്മനക്ഷത്രമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വിനായക ചതുർത്ഥി വിവിധ തരത്തിൽ ആഘോഷിക്കുന്നുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ വിനായക പ്രതിമകൾ സ്ഥാപിച്ച് വലിയ ആഘോഷമായി നടത്താറുണ്ട്.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആനയൂട്ട് അടക്കമുള്ള ചടങ്ങുകളും ഇന്ന് നടക്കും.
കോവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ഗണേശോത്സവ ഘോഷയാത്രകൾക്കും പൊതു ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാവർക്കും വിനായക ചതുർത്ഥി ആശംസകൾ നേരുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു.
കോവിഡിനെതിരായ നമ്മുടെ പോരാട്ടം വിജയിക്കുന്നതിനായി എല്ലാവരും വിനായക ഭഗവാനോട് ഈ ദിനത്തിൽ പ്രാർത്ഥിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവും ജനങ്ങൾക്ക് ഗണേശ ചതുർത്ഥി അശംസകൾ നേർന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ജനങ്ങൾ വിവേകത്തോടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആഘോഷിക്കണമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.