ഇന്ന് ദേശീയ സൗഹൃദ ദിനം

Share

ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച 1958 ലാണ് ആദ്യമായി സൗഹൃദ ദിനം കൊണ്ടാടിയത്. 2011 ല്‍ ഐക്യരാഷ്ട്രസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്.

കളങ്കമില്ലാത്ത നിസ്വാര്‍ഥമായ മനസ്സിന് അന്യരുടെ സന്തോഷത്തില്‍ ആത്മാര്‍ത്മായി പങ്കു ചേരാനും അവരുടെ ദുഖത്തില്‍ സഹതപിക്കാനും കഴിയും. നിര്‍വ്വചനങ്ങള്‍ക്കതീതമായ, സ്നേഹത്തില്‍ മുങ്ങിയ ബന്ധമാണ് സൗഹൃദം. തത്വ ശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്ത മധുരവുമായി സൗഹൃദങ്ങള്‍ക്ക് ഒരു ദിനം.

അതാണ്‌ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച. പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും സൗഹൃദ ദിനം അവസരമൊരുക്കുകയാണ്. ദുഃഖവും സന്തോഷവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ? പങ്കു വച്ചാല്‍ കുറയുന്നത് ദുഃഖം, എന്നാല്‍ ഏറുന്നതോ സന്തോഷം.

സൗഹൃദത്തിന്‍റെ നിര്‍വചനങ്ങള്‍ക്ക് അര്‍ത്ഥ വ്യാപ്തി നല്‍കുന്നത് ഈ പങ്കു വയ്ക്കലുകളാണ്. സൗഹൃദത്തിന് ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി അത് സംക്രമിക്കുന്നു.

എത്രയെത്ര സൗഹൃദങ്ങളുടെ പുറം മോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദം തുടങ്ങുന്നത്. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യ ജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്.

ബാല്യകാല സുഹൃത്തുക്കള്‍ ഒരാള്‍ എങ്കിലും ഇല്ലാത്തവര്‍ നമുക്കിടയില്‍ കാണില്ല . അത് നമ്മുടെ നാട്ടിലോ നമ്മള്‍ പഠിച്ച സ്കൂളിലോ എവിടെയാണെങ്കിലും ആ സൗഹൃദങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട്, അത് നാം ഓര്‍ക്കുകയും ചെയ്യും.
ബാല്യകാലം നിറം മങ്ങിയ സ്ലേറ്റും ഓര്‍മ്മകള്‍ അതിലെ മങ്ങിയ അക്ഷരങ്ങളും ആണെങ്കില്‍ ആ മങ്ങിയ സ്ലേറ്റില്‍ മഷിത്തണ്ട് പിഴിഞ്ഞ് ഒഴിക്കുമ്പോള്‍ ഉള്ള മിനു മിനുത്ത നിറം ഉണ്ടല്ലോ, അതു പോലെയാണ് ഓര്‍മ്മയില്‍ ഇന്നും ആ സൗഹൃദങ്ങള്‍ ജീവിക്കുന്നത്.

മാറുന്ന ലോക ക്രമത്തില്‍ എന്തിനും നന്മ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു. പണ്ടൊക്കെ ഇന്‍ലന്‍ഡിലും പോസ്റ്റ് കാര്‍ഡിലുമെത്തുന്ന സന്ദേശത്തിലൂടെ ഇതള്‍ വിരിയുന്ന സൗഹൃദങ്ങള്‍ക്ക് ഒരു ആത്മാവുണ്ടായിരുന്നു. ഇന്നത് ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി ചുരുങ്ങി പോകുന്നു. കുറേ ദിവസം ക്ലാസില്‍ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാല്‍ എന്താണെന്ന്‌ പോലും അന്വേഷിക്കാത്ത സൗഹൃദങ്ങളും ഇന്ന് ഉണ്ട്. അതില്‍ മാറ്റം വരുത്തണം.
നല്ല സുഹൃത്തിനെ ലഭിക്കുക, നല്ല ജോലി ലഭിക്കുക, നല്ല സന്താനങ്ങള്‍, നല്ല വീട്, നല്ല കുടുംബം ഇതൊക്കെയാണ് ജീവിതത്തില്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളെന്ന് കൂട്ടുകാര്‍ മനസിലാക്കണം. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്.

ചില സൗഹൃദ വലയങ്ങള്‍ കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. നല്ല കൂട്ടുകാരെ അടുപ്പിക്കാനും ചീത്ത കൂട്ടു കെട്ടുകളോട് മുഖം തിരിക്കാനും നാം സ്വയം ശ്രദ്ധ ചെലുത്തണം. ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറം മോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്.

സൗഹൃദം ആയുസ് കൂട്ടും. പരസ്പരം നല്ല കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ അത് വലിയ ആശ്വാസമാണ്. ശത്രുത പാടേ മറയ്ക്കുക. നിങ്ങളെ ഇഷ്ടമില്ലാത്തവരോട്‌ പോലും സൗഹൃദം പുലര്‍ത്തുക. സൗഹൃദങ്ങള്‍ക്ക് വില കല്‍പിക്കുകയും, ഭൗതിക നേട്ടങ്ങളാല്‍ സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക. നല്ല സൗഹൃദങ്ങള്‍ മനസിലാക്കി തിരഞ്ഞെടുക്കാന്‍ നമ്മള്‍ തയ്യാറാവണം.

സുഹൃത്തിനോടുള്ള ആത്മാര്‍ത്ഥതയും സത്യസന്ധയും പണ്ടത്തെ ആളുകള്‍ക്ക് ഒരുപാട് ഉണ്ടായിരുന്നു. യഥാര്‍ത്ഥ ഹൃദയ ബന്ധമുള്ള സുഹൃത്തുക്കള്‍ക്ക് സൗഹൃദ ദിനം പോലെയുള്ള ആചാരങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ നിമിഷം നമുക്ക് ചോദിക്കാം. ഒരിക്കലും തകരാത്ത സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ.. കൂട്ടുകാര്‍ക്ക് തുല്യം എന്നും കൂട്ടുകാര്‍ മാത്രം.