ഇന്ദിരാ ഭവനിലേക്കുള്ള ലാസ്റ്റ് ബസ് ; അധ്യക്ഷ പദവി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ എന്തു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറായി കെ.സുധാകരൻ

Share

ചുണ്ടിനും കപ്പിനുമിടെയിലുള്ള കെപിസിസി. അധ്യക്ഷ പദവി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ എന്തു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറായിരിക്കുകയാണ് കെ.സുധാകരൻ . അതുകൊണ്ടു തന്നെ പഴയ ചില നിലപാടുകൾ മാറ്റാനും പുതിയ തന്ത്രങ്ങൾ സ്വീകരിക്കാനും അദ്ദേഹവും ഗ്രൂപ്പായ കെ എസ് ബ്രിഗേഡും തയ്യാറായിട്ടുണ്ട്. 73 കാരനായ സുധാകരന് കെപിസിസി അധ്യക്ഷ പദവിയിലേക്കും തിരുവനന്തപുരം ഇന്ദിരാഭവനിലേക്കുമുള്ള ലാസ്റ്റ് ബസാണിത്.

ഇത്തവണയില്ലെങ്കിൽ പിന്നീടൊരിക്കലുമില്ലെന്ന് അറിയാവുന്ന സുധാകരൻ എന്തു വീട്ടു വീഴ്ചയും ചെയ്ത് പാർട്ടി പിടിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്. എന്നാൽ കൊടിക്കുന്ന് സുരേഷിനെക്കാൾ ഒരു പണ തൂക്കം മുൻപിൽ നിൽക്കുമ്പോഴും സുധാകരനു മുൻപിൽ ഏറ്റവും വലിയ തടസമായി നിൽക്കുന്നത് എ ഐ സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ്.

യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ കണ്ണൂരിൽ നിന്നും ആലപ്പുഴയിലേക്ക് സുധാകരൻ ഓടിച്ചു വിട്ട കെ.സി ഇപ്പോൾ അതീവ ശക്തനായി ഹൈക്കമാൻഡിൽ വളർന്നു നിൽക്കുന്നത് സുധാകരന് വൻ തിരിച്ചടിയായിരിക്കുകയാണ്.

പഴയ കാര്യങ്ങളൊന്നും മാറക്കാതെ കണ്ണൂരിൽ വ്യക്തമായ ഗ്രൂപ്പ് താൽപര്യമാണ് കെ.സി വേണുഗോപാൽ വെച്ചുപുലർത്തുന്നത്. അതുകൊണ്ടു തന്നെ വിശാല ഐ വിഭാഗത്തെ പ്രതിനീധീകരിക്കുന്ന സുധാകര വിഭാഗത്തിലെ ചില നേതാക്കൾ കെ.സി യോടൊപ്പം കളംമാറ്റി ചവിട്ടാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കണ്ണൂരിലെ ചില നേതാക്കളുടെ മധ്യസ്ഥത മുഖേനെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കുന്നതിനായി കെ.സി വേണുഗോപാലുമായി അന്തിമ ചർച്ച നടന്നു വരികയാണ്.

രാഷ്ട്രീയ ജീവിതത്തിലെ അവസാന ഘട്ടമെത്തി നിൽക്കുന്ന തന്നെ കെപിസിസി. അധ്യക്ഷനാക്കിയാൽ കെ.സി വേണുഗോപാൽ ഗ്രൂപ്പിൽ തന്റെ വിശാല ഐ ഗ്രൂപിനെ ലയിപ്പിക്കാമെന്ന് സുധാകരൻ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്. കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സി വേണുഗോപാൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കാമെന്നും സംസ്ഥാനത്ത് കെ.സി ഗ്രൂപ്പിന്റെ പ്രവർത്തനം ശക്തിപ്പെടുത്താമെന്നായിരുന്നു സുധാകരന്റെ വാഗ്ദ്ധാനം.

എന്നാൽ ഈ വിഷയത്തിൽ കെ.സി വേണുഗോപാൽ ഇതുവരെ മനസ് തുറന്നിട്ടില്ല. സുധാകരൻ ആയുധം വെച്ച് കീഴടങ്ങാൻ തയ്യാറായ സാഹചര്യത്തിൽ പിൻതുണയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് കെ.സി വിഭാഗത്തിലെ പ്രമുഖർ പറയുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ പദവി ലഭിച്ചു കഴിഞ്ഞാൽ കെ.സുധാകരന്റെ നിറം മാറുമെന്ന് സംശയിക്കുന്നുരുമുണ്ട്.

കെപിസിസി. അധ്യക്ഷനെ ഉടൻ ഹൈക്കമാണ്ട് പ്രഖ്യാപിക്കില്ലെന്നാണ് സൂചന. കെ സുധാകരനാണ് മുൻതൂക്കം. എന്നാലും തീരുമാനം എടുക്കും മുമ്പ് സംസ്ഥാന കോൺഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസ്സിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. സുധാകരനെ തന്ത്രത്തിലൂടെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. കെസി വേണുഗോപാലിന് കെ സുധാകരനോട് ഒട്ടും താൽപ്പര്യമില്ല.

വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത് ഹൈക്കമാണ്ട് ആയിരുന്നു. ഇതിന് പിന്നിൽ കെസിയുടെ കരുത്തായിരുന്നു. ഇത് വിവാദമായി. ഈ സാഹചര്യം ചർച്ചയാക്കിയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനം നീട്ടുന്നത്.