ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെത്തിയ താലിബാന്‍ സംഘം രേഖകള്‍ തിരഞ്ഞുവെന്നും കാറുകള്‍ തട്ടിയെടുത്തെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കാണ്ടഹാര്‍, ഹെറാത്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലാണ് താലിബാന്‍ സംഘം പരിശോധന നടത്തിയത്.
എന്തെങ്കിലും രേഖകള്‍ അവശേഷിച്ചിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. രണ്ടു കോണ്‍സുലേറ്റുകളിലും പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ താലിബാന്‍ കൊണ്ടുപോയി. കാബൂളിലെ എംബസിക്കു പുറമേ കാണ്ടഹാര്‍, ഹെറാത്ത്, മസാരെ ഷെരീഫ് എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്കു കോണ്‍സുലേറ്റുകള്‍ ഉള്ളത്. മസാരെ ഷെരീഫിലെ കോണ്‍സുലേറ്റ്, താലിബാന്‍ കാബൂള്‍ പിടിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപു പൂട്ടിയിരുന്നു.
അതിനിടെ, അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം കാബൂളില്‍ എത്തി. മലയാളികള്‍ അടക്കമുള്ളവരുമായി വിമാനം വെള്ളിയാഴ്ച മടങ്ങുമെന്നാണു സൂചന. ഗുരുദ്വാരയില്‍ കുടുങ്ങിയ എഴുപതോളം പേരെ കാബൂളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഇവരെയും ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്.