ചിന്നക്കനാലിൽ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങൾ വനഭൂമിയിൽ നിന്നടക്കം മുറിച്ച് കടത്തി. മാർച്ച് മാസത്തിലായിരുന്നു ഇവിടെ വ്യാപകമായി മരംമുറി നടന്നത്. പരാതി ഉയർന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്തെങ്കിലും മുറിച്ചെടുത്ത തടി മുഴുവൻ കണ്ടെത്താനായിട്ടില്ല.
മരം മുറിയ്ക്ക് കൂട്ട് നിന്ന ഉന്നതരിലേക്കും അന്വേഷണമില്ലെന്നാണ് ആക്ഷേപം.ചിന്നക്കനാൽ മുത്തുമ്മ കോളനിയിലായിരുന്നു മരംമുറി. ഇത് ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വിപണിയിൽ നല്ല വിലയുള്ള ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ തടികൾ കയറ്റി പോകാൻ തുടങ്ങിയതോടെ പരാതിയായി.
ഇതോടെ പട്ടയഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് വരുത്തി പരാതി ഒതുക്കാനായി ശ്രമം.റവന്യൂ വകുപ്പിന് പരാതി പോയതോടെ വനംവകുപ്പ് കേസെടുത്തു. 92 മരങ്ങൾ മുറിച്ചെന്നും 68,000 രൂപ പിഴയീടാക്കണം എന്നുമായിരുന്നു എഫ് ഐ ആർ. എന്നാൽ കേസ് ഒതുക്കാനാണ് നീക്കമെന്ന് ആരോപണം ഉയർന്നതോടെ വനംവകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ 144 മരങ്ങൾ മുറിച്ചെന്ന് സംഘം റിപ്പോർട്ട് നൽകി. ചിന്നക്കനാൽ ഫോറസ്റ്ററെയും രണ്ട് ഗാർഡുകളെയും സസ്പെൻഡ് ചെയ്‌തു.തൃശൂര്‍ സ്വദേശി ബ്രിജോ ആന്‍റോയുടെ പട്ടയഭൂമിയോട് ചേർന്ന് കിടക്കുന്ന റവന്യൂ, വനഭൂമികളിൽ നിന്നായിരുന്നു മരംമുറി.
70 മരങ്ങൾ മുറിച്ചത് റവന്യൂഭൂമിയിൽ നിന്നാണ്. ഇതിനിടെ ബ്രിജോ ഉൾപ്പടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്‌തു. മുറിച്ച തടി മുഴുവൻ കണ്ടെത്തിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. എന്നാണ് തടികൾ മുഴുവനായി കണ്ടെത്തിയിട്ടില്ലെന്നാണ് റവന്യു വകുപ്പ് പറയുന്നു.