ഇടത് എം.പിമാർ രാജ്യസഭയിൽ ഗുണ്ടായിസം കാട്ടി: വി. മുരളീധരൻ

Share

തിരുവനന്തപുരം: രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്ത് നില്‍ക്കുന്ന ചിത്രവും മന്ത്രി പുറത്തുവിട്ടു.
തൊഴിലാളി വര്‍ഗത്തിന്‍റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന മാര്‍ഷലിന്‍റെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് മുരളിധരൻ പറഞ്ഞു .
“ശിവന്‍കുട്ടി സ്കൂൾ” പുനരാവിഷ്ക്കരിക്കാനാണ് ശ്രമിച്ചതെന്നും അത് പാർലമെൻ്റിൽ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അംഗങ്ങളും ജീവനക്കരും അല്ലാതെ പുറത്തു നിന്നുള്ള ആരും സഭയിൽ പ്രവേശിച്ചിട്ടില്ല.

കേരളനിയമസഭ ആയാലും ഇന്ത്യന്‍ പാര്‍ലമെൻ്റ് ആയാലും ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്ന് വിളിക്കുന്ന സഭകളെ അവഹേളിക്കുന്നത് മാര്‍ക്സിസ്റ്റ് ശൈലിയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടു എന്ന വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന നോട്ടീസ് പോലും അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാനിറങ്ങുന്നതെന്ന് വി.മുരളീധരൻ പരിഹസിച്ചു.
സിപിഎം ആദ്യം ജനാധിപത്യ മര്യാദ പഠിപ്പിക്കിക്കേണ്ടത് പിണറായി വിജയനെ ആണ്.
ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് പ്രധാനമന്ത്രി പലയാവര്‍ത്തി പറഞ്ഞിട്ടുള്ളത്..
പെഗസസ് വിഷയത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെതിരെ നേരിട്ട് ആരോപണമില്ല. എന്നിട്ടും ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു.
കേരളത്തിൽ പ്രതിപക്ഷം സമ്പൂര്‍ണ്ണസഹകരണമായതിനാല്‍ എന്ത് ജനാധിപത്യവിരുദ്ധതയും ആവാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പിണറായി ആഗ്രഹിക്കുന്ന തരം പ്രതിഷേധമാണ് വി.ഡി സതീശന്‍റെ നേതൃത്വത്തിൽ നടത്തുന്നത്.
ഡോളര്‍ കടത്തില്‍ കെപിസിസി പ്രസിഡന്‍റിന് സമ്പൂര്‍ണ്ണ മൗനമാണെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.