ആ ഭീകരരാത്രിയില്‍ സംഭവിച്ചതെന്ത്? അവള്‍ ആ രാത്രിയെ കുറിച്ച് വെളിപ്പെടുത്തുന്നു

Share

1961 -ലാണ്, ഒരു ചെറിയ പെണ്‍കുട്ടി ബഹാമാസിൽ സമുദ്രത്തില്‍ തനിച്ച് ഒരു ലൈഫ് റാഫ്റ്റിൽ ഒഴുകി നടക്കുന്നത് കപ്പലിൽ അതുവഴി സഞ്ചരിച്ചവരുടെ ശ്രദ്ധയില്‍ പെടുന്നത്. അവരവളെ ആശുപത്രിയിലെത്തിച്ചു. മരണത്തിന്റെ വക്കിലായിരുന്നു ആ പെൺകുട്ടി.

അവളുടെ അമ്മയും അച്ഛനും സഹോദ​രങ്ങളുമെല്ലാം സമുദ്രത്തിൽ മരണമടഞ്ഞിരുന്നു. എന്നാല്‍, അമ്പത് വര്‍ഷത്തോളം തന്‍റെ കുടുംബത്തിന് അന്ന് സമുദ്രത്തില്‍ വച്ച് സംഭവിച്ചത് എന്താണ് എന്നോ, താന്‍ എങ്ങനെ അവിടെ തനിച്ചായി എന്നതോ വെളിപ്പെടുത്താന്‍ ആ കുട്ടി തയ്യാറായില്ല.

പക്ഷേ, നീണ്ട 50 വര്‍ഷത്തെ മൗനത്തിന് ശേഷം 2010 -ല്‍ തന്‍റെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന ആ സത്യം അവള്‍ വെളിപ്പെടുത്തുക തന്നെ ചെയ്‍തു. അവളുടെ പേരാണ് ടെറി ജോ ഡുപറാള്‍ട്ട്.

എന്താണ് സംഭവിച്ചത്?

1961 -ലാണ് കുടുംബത്തോടൊപ്പം ഒരു സമുദ്രപര്യടനം നടത്താന്‍ ടെറി ജോ -യുടെ അച്ഛന്‍ ആര്‍തര്‍ ഡുപറാള്‍ട്ട് തീരുമാനിക്കുന്നത്. ഭാര്യ ജീന്‍, മക്കളായ 14 വയസുള്ള ബ്രയാന്‍, 11 വയസുള്ള ടെറി ജോ, റെനെ എന്നിവരായിരുന്നു അതിലുള്‍പ്പെട്ടിരുന്നത്. ബ്ലൂബെല്ലെ എന്ന് പേരായ ഒരു പായ്‍വഞ്ചി അവര്‍ വാടകയ്ക്കെടുത്തു.

ക്യാപ്റ്റനായി സുഹൃത്തും മുന്‍ നാവികഭടനും ആയിരുന്ന ജൂലിയന്‍ ഹാര്‍വേയെ ക്യാപ്റ്റനായി കൂടെ കൂട്ടി. അടുത്തിടെ മാത്രമായിരുന്നു ഹാര്‍വെയുടെ വിവാഹം കഴിഞ്ഞത്. അതിനാല്‍ ഭാര്യയായ മേരി ഡെനെയും വെക്കേഷനായി അവരുടെ ഒപ്പം ചേർന്നു.

യാത്രയുടെ അഞ്ചാമത്തെ രാത്രി ടെറി ജോ ഉറക്കം ഞെട്ടുന്നത് വലിയ നിലവിളിയൊച്ചകൾ കേട്ടുകൊണ്ടാണ്. ‘ഞാന്‍ മുകള്‍നിലയിലേക്ക് പോയി. അവിടെ കണ്ട കാഴ്ച എന്‍റെ അമ്മയും സഹോദരനും നിലത്ത് വീണു കിടക്കുന്നതാണ്. എല്ലായിടത്തും ചോരയായിരുന്നു’ ടെറി ജോ പിന്നീട് പറഞ്ഞു.

അവൾ ഉറക്കം ഞെട്ടുമ്പോഴേക്കും ഹാര്‍വേ തന്‍റെ ഭാര്യ മേരി ഡെനെയെ മുക്കിക്കൊന്നിരുന്നു. എന്നാൽ, ആ കൊലപാതകത്തിന് ടെറിയുടെ അച്ഛൻ സാക്ഷിയായി. അത് മനസിലായ ഹാർവേ അവളുടെ അച്ഛനടക്കം കുടുംബത്തിലെ എല്ലാവരെയും കുത്തിക്കൊല്ലുകയും ചെയ്‍തു.

ഹാര്‍വേ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. ഭാര്യയുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. എന്നാല്‍, ടെറി ജോയെ കൊല്ലുന്നതിന് പകരം അയാൾ വഞ്ചിയിൽ തന്നെ ഉപേക്ഷിച്ചു.
പിന്നീട്, തെളിവെന്നോണം ഭാര്യയുടെ ശവശരീരവുമായി യാത്ര തുടര്‍ന്നു. പിറ്റേന്ന് മിയാമി ബീച്ചിലെത്തി ചേര്‍ന്നു.

വഞ്ചി ഒരു കാറ്റില്‍ തകര്‍ന്നു എന്നും താന്‍ മാത്രമേ ജീവനോടെ രക്ഷപ്പെട്ടുള്ളൂ എന്നും അധികാരികളെ അറിയിച്ചു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അതുവഴി പോയ ഒരു കപ്പലിലുള്ളവര്‍ ടെറി ജോ വെള്ളത്തിലൊഴുകി നടക്കുന്നത് കണ്ടു. എല്ലാവരും കരുതിയിരുന്നത് ആ കുടുംബത്തിലെ എല്ലാവരും മരിച്ചു എന്നായിരുന്നു.

അതിനാല്‍ തന്നെ ആളുകള്‍ ഞെട്ടി. 11 വയസുകാരിയായ ടെറി ജോ 84 മണിക്കൂറാണ് വെള്ളത്തില്‍ കിടന്നത്. വെള്ളമോ, ഭക്ഷണമോ ചൂടില്‍ നിന്നും രക്ഷിക്കാനുള്ള എന്തെങ്കിലുമോ ഉണ്ടായിരുന്നില്ല. ടെറിയെ അപ്പോള്‍ തന്നെ മിയാമിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചു. നിര്‍ജലീകരണം അവളെ തളര്‍ത്തിയിരുന്നു.

105 ഡിഗ്രി പനിയുണ്ടായിരുന്നു. ടെറി അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്തയറിഞ്ഞ ക്യാപ്റ്റന്‍ ഹാര്‍വേ പിറ്റേദിവസം ആത്മഹത്യ ചെയ്തു. എന്തുകൊണ്ടാണ് അവളെ അന്ന് ഹാര്‍വേ കൊല്ലാതെ വിട്ടത് എന്നത് ഇന്നും ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ ഈ കൊച്ചുകുട്ടി കടലില്‍ അതിജീവിക്കില്ല എന്ന് കരുതിക്കാണും.

‘എനിക്ക് ഒരിക്കലും പേടി തോന്നിയില്ല. ഞാനെപ്പോഴും പുറംലോകം ഇഷ്ടപ്പെട്ടിരുന്ന കുട്ടി ആയിരുന്നു. എനിക്ക് വെള്ളം ഇഷ്‍ടമായിരുന്നു. എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു.

എന്നെ രക്ഷിക്കേണമേ എന്ന് ഞാനവനോട് പ്രാര്‍ത്ഥിച്ചു. ഞാന്‍ ഒഴുക്കിനൊപ്പം നീങ്ങി’ എന്ന് ടെറി ജോ പിന്നീട് പറയുകയുണ്ടായി. രക്ഷപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടെറി ജോ വിസ്കോസിനിലെ ആന്‍റിയുടെ അടുത്തേക്ക് പോയി.

തനിക്ക് അന്ന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ആര് ചോദിച്ചിട്ടും അവള്‍ ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. പന്ത്രണ്ടാമത്തെ വയസില്‍ അവള്‍ തന്‍റെ പേര് ടെറി എന്നാക്കി മാറ്റുക പോലും ചെയ്തു. എന്നാല്‍, ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം 2010 -ല്‍ ടെറി തന്‍റെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ട ആ ഭീകരരാത്രിയെ കുറിച്ച് മനസ് തുറന്നു.

‘എലോണ്‍: ഓര്‍ഫന്‍ഡ് ഓണ്‍ ദ ഓഷന്‍’ എന്ന പുസ്‍തകത്തിലാണ് അവള്‍ ആ രാത്രിയെ കുറിച്ച് വെളിപ്പെടുത്തിയത്.

‘ഞാനെപ്പോഴും വിശ്വസിക്കുന്നത് ഞാന്‍ രക്ഷപ്പെട്ടതിന് പിന്നില്‍ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്നാണ്. സ്വന്തം ജീവിതാനുഭവത്തില്‍ വേദനിക്കുന്ന ഒരാള്‍ക്കെങ്കിലും എന്‍റെ കഥ ആശ്വാസമാകുമെങ്കില്‍ എന്‍റെ ജീവിതം സ്വാര്‍ത്ഥകമായി’ എന്നും ടെറി ജോ പറയുന്നു.