എന്താണ് മുഖ്യമന്ത്രി പറഞ്ഞ നുണ ബോംബ്? പ്രതിപക്ഷ നേതാവിനെ അടക്കം വിളിക്കുന്നവർ ഉണ്ട്. എന്നാൽ ഈ ബോംബിൽ മാത്രം ആർക്കും ഒന്നും അറിയില്ല. എങ്കിലും വോട്ടെടുപ്പിന്റെ അവസാന ദിവസങ്ങളിൽ എന്തെങ്കിലും വന്നേക്കുമെന്ന പ്രതീക്ഷ എല്ലാ കോണിലുമുണ്ട്.
കേന്ദ്ര ഏജൻസികളെ ചുറ്റുപറ്റിയാണ് എല്ലാ ചർച്ചകളും. എന്നാൽ അവർക്കും ബോംബുകളെ കുറിച്ച് ഒന്നും അറിയില്ല. സൈബർ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ശ്രീരാമകൃഷ്ണന്റെ അറസ്‌റ്റോ? വിനോദിനി കോടിയേരിയെ കസ്റ്റഡിയിൽ എടുക്കലോ? ഉന്നതന്റെ മകളുടെ ഓഫീസിലെ റെയ്‌ഡോ? ഇങ്ങനെ പോകുന്നു സംശയങ്ങൾ.
കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കം ഉണ്ടായേക്കാമെന്നും ചർച്ചയുണ്ട്. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നൽകിയേക്കാമെന്ന് സി പി എമ്മിന്റെ സൈബർ ഗ്രൂപ്പുകളിൽ തന്നെ ചർച്ച നടക്കുന്നുണ്ട്.
ഇടത് നേതാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും ബംഗളൂരിലുമുള്ള ഐ ടി സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നേക്കാമെന്നാണ് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന മറ്റൊരു കാര്യം. രണ്ട് അഴിമതിക്കഥകൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈയിലുണ്ടെന്ന സൂചനകളും സജീവം. ഏതായാലും സോഷ്യൽ മീഡിയ കാത്തിരിക്കുകയാണ് ആ വാർത്താ സ്‌ഫോടനത്തിന്.
നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന ‘ബോംബി’നെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സൂചനകളാണ് അഭ്യൂഹങ്ങൾക്ക് കാരണം. കാസർകോട് പെരിയയിൽ എൽ. ഡി. എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാക്ഷയിലാക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനകം വലിയ ‘ബോംബ്’ വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും നേർക്കു നേർ പോരിലാണ്. അതുകൊണ്ട് തന്നെ അതിശക്തമായ നടപടികൾ കേന്ദ്ര ഏജൻസികൾ എടുക്കാൻ സാധ്യതയുണ്ട്.
ഡോളർ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ നിരവധി ആരോപണങ്ങൾ ചർച്ചയാണ്. ഈ സാഹചര്യത്തിൽ സ്പീക്കറെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. ലൈഫ് മിഷനിലെ മൊബൈലിൽ കോടിയേരിയുടെ ഭാര്യ വിനോദനി കോടിയേരിയും സംശയ നിഴലിൽ.
ഇതെല്ലാം ഈ അഭ്യൂഹങ്ങൾക്ക് പുതിയ നിറം നൽകുന്നു. ബോബ് പൊട്ടുമെന്ന് സൂചനകൾ ആദ്യം നൽകിയത് കെഎം ഷാജഹാനാണ്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അതിന് പുതിയ മാനങ്ങൾ കൈവരികയായിരുന്നു. ഈ നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി.
നുണയുടെ ആയുസ് യഥാർത്ഥ വസ്തുതകൾ എത്തുന്നത് വരെയാണ്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണകൾ പറഞ്ഞാൽ അതിന് മറുപടി പറയാൻ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
നുണകളെ അതിജീവിക്കും. എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണ് – അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി തേജോവധം ചെയ്യുന്ന പുതിയ നുണക്കഥകൾ വരും കരുതിയിരിക്കണമെന്നും എൽ ഡി എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും രാവിലെ കാസർകോട്ട് വാർത്താസമ്മേളനത്തിലും പിണറായി പറഞ്ഞിരുന്നു.