ആലപ്പുഴ: ആലപ്പുഴയിലെ പൈതൃക സ്മാരകമായ ലൈറ്റ് ഹൗസില്‍ കയറുന്നതിന് പുറത്തുനിന്നും ലിഫ്റ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് എ.എം.ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിനെ എം.പി നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു.
ഒരു മാസത്തിനകം സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ എം.പി നിര്‍ദ്ദേശിച്ചു. തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളജിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അനുമതി ലഭിച്ച് രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ ലൈറ്റ് ഹൗസ് 1862ലാണ് സ്ഥാപിച്ചത്.
ആലോചനാ യോഗത്തില്‍ ലൈറ്റ് ഹൗസ് ഉപഡയറക്ടര്‍ പ്രകാശ് റണ്‍പൂര, പ്രൊഫ. സുജിത്ത്, പ്രൊഫ. ബിജു, ഡോ.ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.