നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ സജ്ജമാക്കുന്ന ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകളില്‍ ഹരിതകേരളം മിഷന്റെ പങ്കാളിത്തത്തോടെ ഔഷധസസ്യത്തോട്ടം ഒരുക്കുന്ന
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 25) രാവിലെ 10 മണിക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യവും ഉപയോഗവുംം സംബന്ധിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പദ്ധതിയില്‍ ജില്ലയിലെ നാല് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും രണ്ട് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യത്തോട്ടം ഒരുങ്ങുന്നത്. കട്ടിപ്പാറ, ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂര്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ ബേപ്പൂര്‍, ഫറോക്ക് നഗരസഭ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ചെറുവണ്ണൂര്‍, തൂണേരി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യത്തോട്ടം വെച്ചു പിടിപ്പിക്കുന്നത്. വലിപ്പമുള്ള ചട്ടികളിലും നിലത്തും ഔഷധസസ്യങ്ങള്‍ വെച്ചു പിടിപ്പിക്കും.
നെല്ലി, അമുക്കുരം, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, കുടങ്ങല്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, തുളസി, ആവണക്ക്, കരിനൊച്ചി, ആടലോടകം എന്നിവയാണ് പദ്ധതിയില്‍ നിര്‍ദേശിക്കപ്പെട്ട ഔഷധസസ്യങ്ങള്‍. ഇതോടൊപ്പം മറ്റ് ഔഷധസസ്യങ്ങളും നട്ടുവളര്‍ത്താം. തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജനകീയ പങ്കാളിത്തത്തിലൂടെയുമായി ഔഷധസസ്യത്തോട്ടം ഒരുക്കും.
ഡോ.എം.കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.