അർഹതപ്പെട്ട ആളുകൾക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടയം നൽകുന്നത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള വില്ലേജ് തിരിച്ചുള്ള ലിസ്റ്റ് ഉദ്യോഗസ്ഥർ കൈമാറി. പതിവ് കമ്മിറ്റി രൂപീകരിച്ചാലുടൻ അർഹരായവരെ കണ്ടെത്തി ശുപാർശ നൽകും. പുറമ്പോക്ക് പട്ടയങ്ങൾ, വനഭൂമി പട്ടയങ്ങൾ, ലാൻഡ് ട്രിബൂണൽ പട്ടയങ്ങൾ എന്നിവ അടിയന്തിരമായി അർഹരായവർക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ജനുവരി മാസത്തിൽ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു. പുറമ്പോക്ക് പട്ടയത്തിൽ ഉൾപ്പെട്ട 277 പട്ടയങ്ങളുടെ അപേക്ഷകൾ പൂർത്തീകരിച്ചു. എം എൽ എമാരായ സേവിയർ ചിറ്റിലപ്പിള്ളി, എ സി മൊയ്‌തീൻ, വടക്കാഞ്ചേരി മുനിസിപ്പൽ ചെയർമാൻ സുരേന്ദ്രൻ, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ഡെപ്യൂട്ടി കലക്ടർ എൽ ആർ, തഹസീൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.