കോട്ടയം: മാറുന്ന തൊഴിൽ സാഹചര്യത്തിൽ മെച്ചപ്പെട്ട തൊഴിൽ നേടുന്നതിന് ഉദ്യോഗാർഥികളെ സജ്ജമാക്കാനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ് ) പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 15 കോടി രൂപ ചെലവിലാണ് ദേശീയപാതയ്ക്ക് സമീപം ഒരേക്കറോളം സ്ഥലത്ത് ഇരുനില കെട്ടിടം നിർമിക്കുന്നത്. 28,193 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഹൈടെക് ക്ലാസ് മുറികൾ, ട്രെയിനിംഗ് റൂം, പ്രാക്ടിക്കൽ മെഷിനറി റൂം, വീഡിയോ കോൺഫറൻസിങ്ങ് റൂം എന്നിവയാണ് ഇവിടെ സജ്ജീകരിക്കുക.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സ്‌കിൽ പാർക്കിലൂടെ നൈപുണ്യ വികസന പരിശീലനം നൽകും. കേരള സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് കെട്ടിട നിർമാണ ചുമതല. നവംബർ ആദ്യവാരത്തോടെ കെട്ടിടം പണി പൂർത്തിയാക്കുമെന്ന് അസാപ് ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് മാർക്കോസ് മാണി പറഞ്ഞു.