കൊല്ലം: അഷ്ടമുടി കായലിൽ ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൊല്ലം ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയും 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ആശുപത്രി മാലിന്യങ്ങൾക്ക് പുറമേ കക്കൂസ് , പ്ലാസ്റ്റിക് മാലിന്യങ്ങളും കായലിൽ തള്ളുന്നതായി പരാതിയുണ്ട്. മാലിന്യങ്ങൾ കാരണം മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു. കണ്ടൽ കാടുകൾ നശിപ്പിക്കപ്പെട്ടതു കാരണം ദേശാടന പക്ഷികൾ വരാതെയായി. പരിസ്ഥിതി മലിനീകരിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ നിരന്തരം നടത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പൊതുപ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിൽ പറയുന്നു.
കരുതലോടെ സംരക്ഷിക്കേണ്ട നീർത്തട പട്ടികയായ റാംസറിൽ ഉൾപ്പെട്ട അഷ്ടമുടി കായലിൽ നടക്കുന്ന പരിസ്ഥിതി മലിനീകരണം അതീവ ഗൗരവത്തോടെ കാണണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.