കണ്ണുമടച്ച് ആയുർവേദത്തിൽ വിശ്വസിക്കുന്നവരും കുറച്ചൊക്കെ മാത്രം ആയുർവേദത്തെ അംഗീകരിക്കുന്നവരും അംഗീകരിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ എന്തിനുമേതിനും ആയുർവേദ ചികിത്സയെമാത്രം ആശ്രയിക്കുന്നവരും കുറച്ച് ആയുർവേദം പിന്നെ മറ്റുചികിത്സകളും എന്ന രീതിയുള്ളവരും ‘ആയുർവേദമൊന്നും എനിക്ക് പിടിക്കില്ല’ എന്ന് വിചാരിച്ച് അലോപ്പതിമാത്രം ചെയ്യുന്നവരുമുണ്ട്.
ചില മരുന്നുകളുടെ ദൂഷ്യഫലങ്ങൾ കാരണം ചികിത്സ തുടരുവാൻ നിർവാഹമില്ലാതെ വരുന്നവരും മരുന്ന് കഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ സഹിക്കുവാൻ പ്രയാസമുള്ളവരും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാനും ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നവരും ഇപ്പോൾ ആയുർവേദചികിത്സ തേടിയെത്തുന്നുണ്ട്. രോഗചികിത്സമാത്രം മതിയെന്ന് കരുതിയിരുന്നവർക്ക് ആരോഗ്യസംരക്ഷണത്തിനായി ആയുർവേദത്തിൽ പറയുന്ന മാർഗ്ഗങ്ങളും ഏറെക്കുറെ ബോദ്ധ്യപ്പെട്ടമട്ടിലാണ് ഇപ്പോൾ ആൾക്കാർ പെരുമാറുന്നത്.
തനിക്ക് നിലവിലുള്ള എല്ലാ അസുഖത്തിനും അലോപ്പതി മരുന്നുകൾ ഒഴിവാക്കി ആയുർവേദ ചികിത്സ ലഭ്യമാക്കുമോ? ഇത് രണ്ടും ഒരുമിച്ച് കഴിച്ചാൽ കുഴപ്പമാകുമോ? പഥ്യമെല്ലാം ഒഴിവാക്കി മരുന്നു മാത്രം ഉപയോഗിച്ചുള്ള ചികിത്സയോ അല്ലെങ്കിൽ ഒറ്റമൂലി പ്രയോഗങ്ങളോ ആയുർവേദത്തിൽ ചെയ്യാനാകുന്നതല്ലേ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. അലോപ്പതിമരുന്ന് കഴിക്കുന്ന നിരവധി രോഗികളിൽ അവസ്ഥയ്ക്കനുസരിച്ച് ആയുർവേദ മരുന്നുകളും ഉപയോഗപ്പെടുത്തുവാൻ സാധിക്കും. എന്നാൽ അത് ഒരു വിദഗ്ധ ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ പാടുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക.
പഥ്യം,മറുപഥ്യം, സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന നിലപാട്, കയ്പ്പും ചവർപ്പുമുള്ള മരുന്നുകൾ, എളുപ്പത്തിൽ വിഴുങ്ങുവാൻ സാധിക്കേണ്ട മരുന്നുകൾക്ക് പകരം നൽകുന്ന ചൂർണ്ണവും ലേഹ്യവും ഘൃതങ്ങളും…. അങ്ങനെ ആയുർവേദത്തിൽ നിന്നും അകന്നു നിൽക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. എന്നാൽ ഇതിലധികവും മുൻവിധിയോടെ ആയുർവേദചികിത്സയെ സമീപിക്കുന്ന ചിലരുടെ തെറ്റിദ്ധാരണയിൽ നിന്നുമുണ്ടാകുന്നവയാണെന്ന് പറയേണ്ടിവരും. ഉദാ:- ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നവർ സസ്യേതരആഹാരങ്ങൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം പല രോഗങ്ങൾക്കും ബാധകമല്ല.മാത്രമല്ല പല സസ്യാഹാരങ്ങളും ഉപേക്ഷിക്കണമെന്ന നിർദ്ദേശങ്ങളും ചില രോഗാവസ്ഥകളിൽ നൽകിയിട്ടുമുണ്ട്.
രോഗത്തിനും രോഗിക്കുമനുസരിച്ച് മാറിമറിയാവുന്നയാണ് ആയുർവേദ നിർദ്ദേശങ്ങൾ. ശരിയായ നിർദ്ദേശങ്ങൾ ഓരോരുത്തർക്കും നൽകുന്നതിന് നല്ലൊരു ചികിത്സകന് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് എത്ര ആരോഗ്യത്തെ നൽകുന്ന മരുന്നായാലും അത് ഏതെങ്കിലുമൊരു പ്രായത്തിലോ ഒരേ രോഗത്തിനോപോലും ഒരേ നിർദ്ദേശത്തോടെ നൽകുവാനാകാത്തത്. ഒരു രോഗത്തിന് തന്നെ പല മരുന്നുകൾ ചെറിയ വ്യത്യാസങ്ങളോടെ നിർമ്മിച്ചുപയോഗിക്കുന്നതും ആയുർവേദത്തിൽ മാത്രമാണ്. ഏതെങ്കിലുമൊരു മരുന്ന് ആർക്കുവേണമെങ്കിലും ഏത് അവസ്ഥയിലും ഉപയോഗിക്കാമെന്ന് ആയുർവേദ ചികിത്സകർ പറയില്ല. മരുന്നിന് മാത്രമായി വലിയ പ്രാധാന്യം നൽകുന്ന രീതികളും ആയുർവേദത്തിലില്ല. ഒരാളിന് ആവശ്യമായ ആയുർവേദ മരുന്ന് നിർദ്ദേശിക്കുമ്പോൾ അത് ആ രോഗത്തിനെ ശമിപ്പിക്കുന്നതും അതോടൊപ്പം മറ്റൊരുരോഗത്തേയുമുണ്ടാക്കാത്തത് ആയിരിക്കണമെന്നും നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ആയുർവേദ മരുന്ന് ഉപയോഗിക്കുന്ന ഒരാളിന് വളരെ പെട്ടെന്ന്തന്നെ ഓരോ ലക്ഷണങ്ങളായി കുറഞ്ഞു വരണമെന്നില്ല. മറിച്ച് മരുന്നിന്റെ ഫലപ്രാപ്തിക്കനുസരിച്ച് രോഗവും കുറയുന്നമുറയ്ക്ക് ലക്ഷണങ്ങളും ഓരോന്നായി കുറഞ്ഞുവരികതന്നെ ചെയ്യും.ഇതുകാരണമാണ് ഏതെങ്കിലുമൊരു രോഗത്തിന്റെ ലക്ഷണമായ വേദനയോ വീക്കമോ വളരെ പെട്ടെന്ന് കുറയുന്നതിന് ആയുർവേദ മരുന്നുകൾ ഉപകാരപ്പെടാത്തത്. എന്നാൽ ആയുർവേദ മരുന്നുപയോഗിക്കുന്ന ഒരാളിന് രോഗം കുറയുന്ന മുറയ്ക്ക് ഇത്തരം ലക്ഷണങ്ങളെല്ലാം കുറയുകയും ചെയ്യും.വേദനയുള്ള ഭാഗം അനക്കാതെ വയ്ക്കുന്നതിനു പകരം വേദനാസംഹാരികൾ കഴിച്ച് വേദന കുറഞ്ഞാലുടൻ ആ ഭാഗം ഉപയോഗിക്കുന്നതിലൂടെ രോഗം വർദ്ധിക്കുവാൻ ഇടയുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ഇതിനൊന്നും പ്രാധാന്യം നൽകാതെ അസുഖം മാറിയില്ലെങ്കിലും കുഴപ്പമില്ല, വേദനയും വീക്കവും ഇല്ലാതിരുന്നാൽ മതി എന്നാണ് പലരും പറയുന്നത്.ലക്ഷണങ്ങൾ മാറ്റുന്നതിന് വലിയ പ്രാധാന്യം നൽകുന്ന പലരും അതിൻെറ കാരണവും പ്രധാനവുമായ രോഗം മാറ്റുന്ന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് സാരം.
പഥ്യമാണ് ആയുർവേദത്തിൽ നിന്നും തന്നെ അകറ്റി നിറുത്തുന്നതെന്ന് പലരും കാരണമായി പറയാറുണ്ട്.എന്നാൽ മരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് പഥ്യം അനിവാര്യമാണെന്നതിനാൽ എല്ലാ വൈദ്യശാസ്ത്രങ്ങളും പഥ്യങ്ങൾ നിർദ്ദേശിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മരുന്ന്മാത്രമല്ല ചികിത്സയ്ക്കായി പ്രയോജനപ്പെടുത്തേണ്ടതെന്ന് കർശന നിർദ്ദേശമുള്ള ആയുർവേദത്തിൽ പഥ്യവും അപഥ്യവും കൂടുതൽ ഗൗരവത്തോടെ നിർദ്ദേശിക്കുന്നുവെന്നത് സ്വാഭാവികമാണ്.
പഥ്യമെന്നത് രോഗങ്ങളുടെ ശമനത്തിനായി ഉപയോഗിക്കേണ്ട ആഹാരവും മറ്റ് ശീലങ്ങളുമാണ്.
അപഥ്യമെന്നത് രോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്ന ആഹാരവും ശീലങ്ങളുമാണ്. അതിനാൽ രോഗശമനത്തിനായി പഥ്യങ്ങൾ പാലിക്കുകയും അപഥ്യങ്ങൾ ഒഴിവാക്കുകയും വേണം.
എല്ലാ രോഗങ്ങളിലും പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിന് മരുന്നിനേക്കാൾ പ്രാധാന്യം പഥ്യാപഥ്യങ്ങൾക്ക് നൽകണമെന്ന വാദം പ്രധാനപ്പെട്ടതാണ്. തുടർച്ചയായി നിലനിൽക്കുന്ന രോഗങ്ങളിൽ മരുന്നിന്റെ ഉപയോഗവും ക്രമേണ വർദ്ധിക്കുകയും അമിതമാകുകയും ചെയ്യാമല്ലോ?അത് രോഗ വർദ്ധനവിനും അവ ഒട്ടുംതന്നെ നിയന്ത്രണമില്ലാതാകുന്നതിനും ഒരു രോഗം തന്നെ മറ്റൊരു രോഗത്തെകൂടി ഉണ്ടാക്കുന്നതിനും മരുന്നുകൾ പഴയതുപോലെ ഫലപ്പെടാതിരിക്കുന്നതിനും കാരണമാകും. കൂടുതൽകൂടുതൽ വീര്യമുള്ള മരുന്നുകളുടെ ഉപയോഗംകൊണ്ട് ആരോഗ്യം കൂടുതൽ നഷ്ടപ്പെടുകയും രോഗങ്ങൾക്കെതിരെ പോരാടുവാനുള്ള ശരീരശേഷി ദുർബലപ്പെടുകയും ചെയ്യും. ഇപ്രകാരം ശരീരബലം കുറയുന്നവർക്കാണ് പകർച്ചവ്യാധികളും എളുപ്പത്തിൽ ബാധിക്കുന്നതിന് സാദ്ധ്യതയുള്ളത്.
പകർച്ചവ്യാധികളുള്ളപ്പോൾ ശരീരബലം മെച്ചപ്പെടുത്തി രോഗാണുക്കളെ പ്രതിരോധിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. പല രോഗങ്ങളുള്ളവർക്കും ഉള്ള രോഗങ്ങൾ നിയന്ത്രണത്തിലല്ലാത്തവർക്കും ശരീരബലം വർദ്ധിപ്പിക്കുന്നതിനോ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനോ അത്ര എളുപ്പമല്ല. അത്തരം സാഹചര്യങ്ങളിൽ രോഗത്തിന്റേയും രോഗിയുടേയും വിവിധ അവസ്ഥകൾക്കനുസരിച്ച് രോഗികളെ ഗ്രൂപ്പ് തിരിച്ചും ചില മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അവ ആയുർവേദ വിദഗ്ധർ നിർണ്ണയിക്കുന്ന പ്രോട്ടോക്കോൾ അനുസരിച്ചാണ് രൂപപ്പെടുത്തുന്നതും. ഉദാഹരണത്തിന് ഈ അവസ്ഥയിൽ ച്യവനപ്രാശം കഴിക്കുന്നത് ആർക്കൊക്കെ? ഏതവസ്ഥയിൽ?എത്രനാൾ? ഏത് ബുദ്ധിമുട്ടുകൾ ശമിക്കുന്നതുവരെ പ്രയോജനപ്പെടും? ആർക്കൊക്കെ അത് നൽകുവാൻ പാടില്ല? തുടങ്ങിയ കാര്യങ്ങളിൽ കൃത്യതയുണ്ടായിരിക്കും. ഇതൊന്നും മനസ്സിലാക്കാതെ എല്ലാവരും ച്യവനപ്രാശം കഴിച്ചത്കൊണ്ട് പ്രയോജനം ലഭിക്കണമെന്നില്ല. ഇതുപോലെ അറിയാവുന്ന മരുന്നുകളൊക്കെ വാങ്ങിക്കഴിച്ച് അവസാനം ആയുർവേദത്തിനെ പഴി പറയുന്നവരുമുണ്ട്. ശരിയായ ആയുർവേദ ചികിത്സയ്ക്ക് അവർ വിധേയരായിട്ടില്ലെന്ന കാര്യം സമ്മതിക്കണമെന്നുമില്ല. യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങളിൽ നിർദ്ദേശം നൽകേണ്ടത് ചികിത്സകനാണ്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ സംഘംചേർന്ന് ലേഹ്യങ്ങളുണ്ടാക്കുകയും തോന്നിയതുപോലെ അവയൊക്കെ കഴിക്കുകയും ചെയ്യുന്നതിനെ വിരോധാഭാസം എന്നേ പറയാനാകൂ. ഒരു ചികിത്സകന്റെ നിർദ്ദേശമില്ലാതെ ആയുർവേദ മരുന്നുകൾ വാങ്ങി കഴിക്കാമെന്ന് വിചാരിക്കുന്ന ചിലരുണ്ട്. പാർശ്വഫലങ്ങൾ ആയുർവേദ ഔഷധങ്ങൾക്ക് കുറവാണെന്നും അതുകൊണ്ട് ആപത്തുകളൊന്നും സംഭവിക്കാനിടയില്ലെന്നുമാണ് ഇത്തരക്കാർ പറയുന്നത്. യഥാർഥത്തിൽ ആയുർവേദ മരുന്നുകളിൽ പലതും സസ്യൗഷധങ്ങളായതുകൊണ്ടാണ് അങ്ങനെ ഒരു ചിന്ത ഉണ്ടായിരിക്കുന്നത്. എന്നാൽ സസ്യൗഷധങ്ങൾ ചികിത്സയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.അതുമാത്രമല്ല വളരെ കൃത്യമായ രീതിയിൽ ഒരു ചികിത്സകൻ എല്ലാ വശങ്ങളും മനസ്സിലാക്കി മരുന്ന് നിർദ്ദേശിക്കുമ്പോൾ മാത്രമേ ഒരു മരുന്നിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കുവാനാകുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ആയുർവേദ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്ന് ആയുർവേദം ശരിയായി പഠിച്ച ആരുംതന്നെ അവകാശപ്പെടുന്നില്ല. എന്നാൽ തികച്ചും രാസവസ്തുക്കൾകൊണ്ട് നിർമ്മിച്ചതും മനുഷ്യശരീരത്തെ അപേക്ഷിച്ച് സാത്മ്യം അല്ലാത്തതുമായ മറ്റു മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ ആയുർവേദ മരുന്നുകൾ കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറവായിരിക്കും എന്നത് ശരിതന്നെ. കൃത്യതയോടെ ചികിത്സ നിർണ്ണയിക്കുന്ന ഒരു ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾമാത്രമേ ആയുർവേദമായാലും ഉപയോഗിക്കാവൂ എന്നു പറയുന്നത് അതുകൊണ്ടാണ്.
കേട്ടും കണ്ടും ചിലരൊക്കെ പറഞ്ഞും പരിചയമുള്ള മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നത് നല്ലതിനല്ലെന്ന് ഉപദേശിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ? ഓരോ മരുന്നും എത്ര കൃത്യതയോടെയാണ് നിർമ്മിക്കുന്നതെന്നും അതിന്റെ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ശേഖരണം എപ്രകാരമാണെന്നും മരുന്ന് ഏത് അവസ്ഥയിലുള്ളവർക്ക് ഏതൊക്കെ വിധത്തിൽ ഉപയോഗപ്പെടുന്നു എന്നും ഏതൊക്കെ മരുന്നുകളുടെ കോമ്പിനേഷനാണ് ഒരു രോഗാവസ്ഥയിൽ പ്രയോജനപ്പെടുത്തേണ്ടതെന്നും അറിയാവുന്നവരാണ് ചികിത്സ നിർദ്ദേശിക്കുന്നത്.
മരുന്നുകളുടെ പേര് മാത്രമറിയാവുന്ന അല്പഞ്ജാനികളായ ചിലർ ചികിത്സകരാകുന്നതും രോഗികൾ അത്തരക്കാരുടെ ചികിത്സയ്ക്ക് വിധേയരാകുന്നതും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്.
ആയുർവേദ ചികിത്സാ നിർദ്ദേശങ്ങൾ നൽകുന്നതിനും ആരോഗ്യ സംരക്ഷണമാർഗ്ഗങ്ങൾ ബോധവൽക്കരിക്കുന്നതിനും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സർക്കാർ ആയുർവേദ സ്ഥാപനങ്ങളുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സയും നിർദ്ദേശങ്ങളും മറ്റു സേവനങ്ങളും സൗജന്യമാണ്.അതിന് അവസരം ലഭിക്കാത്തവർ അംഗീകൃത യോഗ്യതയുള്ള ആയുർവേദ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്.