അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

Share

ഇടുക്കി: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ( 15,16,17)  സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കാളികളാകും. പ്രസ്തുത ദിവസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ആഘോഷ സമയക്രമങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് (15) മൂന്ന് മണിക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടന  പരിപാടിയും തുടര്‍ന്ന് നാളെയും (16 )  17നും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സഞ്ചാരികള്‍ക്ക് കയാക്കിങ് നടത്താന്‍ സാധിക്കും വിധമാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. ആഘോഷ വേദിയായ അയ്യപ്പന്‍കോവില്‍ തൂക്കു പാലത്തിന് സമീപം റജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും.

അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന കായിക വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാള്‍ വീതവും സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍ കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍  പാണ്ഡ്യനും അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പന്‍ കോവില്‍ – കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. കായിക വിനോദം ജില്ലയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.