അടിസ്ഥാന സൗകര്യ വികസനത്തിന്
10 ലക്ഷം കോടി: മോദി

Share

തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകം ഇന്ത്യയോടു കാണിക്കുന്ന വിശ്വാസത്തിന്റെ ഖ്യാതി കേന്ദ്രത്തിലെ നിര്‍ണായകമായ സര്‍ക്കാരിനാണ്. അതു രാജ്യത്തിന്റെ ക്ഷേമത്തിനായി വേഗത്തിലും ദൃഢമായും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി അഭൂതപൂര്‍വമായ നിക്ഷേപം നടത്തുന്നു. യുവാക്കളുടെ നൈപുണ്യവികസനത്തിനായി നിക്ഷേപങ്ങള്‍ നടത്തുന്നു. ജീവിതം സുഗമമാക്കുന്നതിനും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനും കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. സഹകരണ ഫെഡറലിസത്തിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനമായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സേവനാധിഷ്ഠിത സമീപനത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളം പുരോഗമിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന് അതിവേഗം പുരോഗതി കൈവരിക്കാനാകൂ’ പ്രധാനമന്ത്രി പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന മലയാളികള്‍ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനംചെയ്തു. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ശക്തി ഇന്ത്യന്‍ പ്രവാസസമൂഹത്തെ വളരെയധികം സഹായിക്കുന്നു .
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ സമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ വേഗത്തിലും തോതിലും നടന്നുവരുന്നു. ‘രാജ്യത്ത് പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ സുവര്‍ണകാലഘട്ടത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്’ .