സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം; നയരേഖയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

Share

സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം സംബന്ധിച്ച നയരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിനായി സർക്കാർ നയം പ്രഖ്യാപിച്ചതിലൂടെ വന പുന:സ്ഥാപന പ്രവർത്തനങ്ങൾ വൻതോതിൽ ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. ഇത് വർദ്ധിച്ച തോതിലുള്ള പാരിസ്ഥിതിക സേവനങ്ങളും, തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ജലസമൃദ്ധിയിൽ നിന്നും അതിവേഗം ജലദൗർലഭ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ജലസുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം അതിവൃഷ്ടി മൂലമുണ്ടാകുന്ന പ്രളയത്തെ നിയന്ത്രിക്കുന്നതിലും വനങ്ങളുടെ പങ്ക് നിസ്തുലമാണ്. വികസന പ്രക്രിയ ത്വരിതഗതിയിൽ നടക്കുന്ന കേരളത്തിൽ പ്രകൃതി സമ്പത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് ജലസുരക്ഷയ്ക്കും, പാരിസ്ഥിതിക ഭദ്രതയ്ക്കും, സുസ്ഥിരവികസനത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുന:സ്ഥാപനം സംബന്ധിച്ച് ഒരു നയരേഖ സർക്കാർ പുറത്തിറക്കുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.  
പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കിയും ജീവനോപാധികൾ സംരക്ഷിച്ചും സുസ്ഥിരവികസനം യാഥാർത്ഥ്യമാക്കുന്നതിന് വനം വകുപ്പ് മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റുസർക്കാർ വകുപ്പുകൾ, സർക്കാർ ഇതരസംവിധാനങ്ങൾ, വാണിജ്യകൂട്ടായ്മകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ പരസ്പര പൂരകങ്ങളായി വർത്തിച്ച് വന പുന:സ്ഥാപനം അടിസ്ഥാനമായിട്ടുള്ള സുസ്ഥിരവികസനത്തിന്, ഭൂവിഭാഗത്തിനാകെ അനുയോജ്യമായ പ്ലാൻ ബന്ധപ്പെട്ട പങ്കാളികളുടെ സഹകരണത്തോടുകൂടി തയ്യാറാക്കി നടപ്പിലാക്കാനാണ് നയരേഖ ലക്ഷ്യമിടുന്നത്.
നിലവിലുള്ള വനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മണ്ണ്-ജലസംരക്ഷണം ലക്ഷ്യമാക്കിയും സർക്കാർ ഉടമസ്ഥതയിലുള്ള ശോഷിച്ച വനങ്ങൾ, അക്കേഷ്യ, വാറ്റിൽ, യൂക്കാലി തോട്ടങ്ങൾ, നിലവിലുള്ള തേക്ക് തോട്ടങ്ങളിൽ പരാജയപ്പെട്ടവ, വളർച്ച മുരടിച്ചവ, വന്യജീവി വഴിത്താരകളിലുള്ളവ, പ്രകൃതിദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിലുള്ളവ, നദീതീരങ്ങളിലുള്ളവ എന്നിവ ഘട്ടം ഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റും.
വെട്ടിമാറ്റുന്ന വ്യാവസായിക തോട്ടങ്ങളിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ കേരളത്തിലെ ചെറുകിട വനാധിഷ്ഠിത വ്യവസായങ്ങൾക്ക് ന്യായവിലയ്ക്ക് നൽകുവാനും വരുമാനത്തിന്റെ 50 ശതമാനം പരിസ്ഥിതി-പുന:സ്ഥാപന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും ബാക്കി 50 ശതമാനം നിലനിർത്തുന്ന തേക്ക്തോട്ടങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിനും വനാധിഷ്ഠിത സമൂഹത്തിന്റെ ഉന്നമനത്തിനും ആധുനിക വനപരിപാലന പ്രവർത്തനങ്ങൾക്കും ചാക്രികനിധിയായി വിനിയോഗിക്കും.
വനത്തിന്റെ ആവാസവ്യവസ്ഥയെ അത്യധികം പ്രതികൂലമായി ബാധിക്കുന്നതും നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതുമായ സെന്ന (മഞ്ഞക്കൊന്ന), ലന്റാന, മൈക്കേനിയ തുടങ്ങിയ സസ്യങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് സ്വാഭാവികമായി കാണപ്പെടുന്ന തദ്ദേശ സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന രീതിയിൽ മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും. മേൽ പ്രവർത്തികൾ നടപ്പിലാക്കുന്നതിന് പങ്കാളിത്ത വനപരിപാലന മാർഗ്ഗങ്ങൾ സ്വീകരിക്കും. ഇത്തരം പ്രവർത്തികളിലൂടെ വനാശ്രിത സമൂഹങ്ങൾക്കിടയിൽ അധികതൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും.
ചെറുകിട വനവിഭവങ്ങളുടെ ശാസ്ത്രീയശേഖരണം, മൂല്യവർദ്ധനവ്, മെച്ചപ്പെട്ട വിപണനം എന്നിവ ഉറപ്പുവരുത്തി ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും, ജീവസന്ധാരണമാർഗ്ഗങ്ങളും, കാടിന്റെ സംരക്ഷണവും സാധ്യമാക്കും.
ജൈവവൈവിദ്ധ്യ സമ്പത്തിന്റെ തുരുത്തുകളായ കാവുകൾ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കുവാനുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകും.
പാരിസ്ഥിതിക പ്രാധാന്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾ അർഹമായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കും.
കേരളത്തിലെ ഓരോ പഞ്ചായത്തും/ മുനിസിപ്പാലിറ്റിയും/ കോർപ്പറേഷനും ‘കാർബൺ ന്യൂട്രൽ’ ആക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ/ ഇക്കോ ഡെവലപ്പ്മെന്റ് കമ്മറ്റികൾ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവയുടെ സേവനം ഉപയോഗപ്പെടുത്തും. ഇത് വ്യാപകമായ തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾക്കനുസരിച്ചുള്ള വൃക്ഷങ്ങൾ സ്വാഭാവികവനങ്ങളുടെ പുന:സ്ഥാപനത്തിനായി പ്രോത്സാഹിപ്പിക്കും.
തീരദേശ ജനതയുടെയും തദ്ദേശസ്വയം ഭരണവകുപ്പിന്റെയും പൂർണ്ണ പങ്കാളിത്തത്തോടെ തീരപ്രദേശത്തിന് അനുയോജ്യമായ  സസ്യങ്ങൾ വച്ചു പിടിപ്പിച്ച് തീരവനം നിർമ്മിക്കും.
വിദ്യാലയങ്ങളിലും നഗരങ്ങളിലും മറ്റും ചെറുവനങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതികളും, കാർബൺ ആഗികരണം ലക്ഷ്യമാക്കി സ്വകാര്യഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെ  സഹകരണത്തോടെ വ്യാപിപ്പിക്കും.  
കാടിന്റെ അതിർത്തിനിർണ്ണയം പൂർത്തീകരിച്ച് ജണ്ടകൾ നിർമ്മിച്ച് സംരക്ഷിക്കുകയും വനാതിർത്തികളുടെ ഡിജിറ്റൈസേഷൻ നടത്തുകയും ചെയ്യും. വനസുരക്ഷ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ, വാഹനങ്ങൾ, ആയുധങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.
കേരളത്തിന്റെ പശ്ചിമഘട്ട മലനിരകൾ മുതൽ സമുദ്രതീരം വരെയുള്ള എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി ഈ മേഖലയിലെ ജൈവ സമ്പത്തിന്റെ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാവ്യതിയാനം ചെറുക്കൽ, മനുഷ്യ-വന്യജീവിസംഘർഷം ലഘൂകരിക്കൽ തുടങ്ങി മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ സമഗ്രമായ പരിഹാരം ആണ് പരിസ്ഥിതിനയരേഖ മുന്നോട്ടുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *