സിൽവർ ലൈനിന് ഹരിത ഊർജ്ജം പകരാൻ കെ.എസ്.ഇ.ബി.

Share

സംസ്ഥാനത്തിന്റെ സുപ്രധാനമായ പശ്ചാത്തല മേഖലാ വികസന പദ്ധതിയായ കെ-റെയിൽ പദ്ധതിക്ക് കെ.എസ്.ഇ.ബി.എൽ ആവശ്യമായ വൈദ്യുതി ക്രമീകരിച്ച് നൽകും. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ ശ്രീ. വി. അജിത്ത് കുമാറും ഉന്നതതല സംഘവും ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി.എൽ സി.എം.ഡി, പ്രസരണ വിഭാഗം ഡയറക്ടർ, ചീഫ് എഞ്ചിനീയർ എന്നിവരുമായി ചർച്ചകൾ നടത്തി.

കെ-റെയിലിന്റെ വിശദ പദ്ധതിരേഖ സമർപ്പിക്കുന്നത് യോഗം ചർച്ച ചെയ്തു. കെ-റെയിലിന്റെ സിൽവർ ലൈൻ പദ്ധതിയിൽ 64000 കോടിയോളം അടങ്കൽത്തുകയ്ക്കാണ് അതിവേഗ ഇലക്ട്രിക് ചാലക ട്രെയിനുകൾ 2025 മുതൽ ഓടിക്കാൻ ഉദ്ദേശിക്കുന്നത്.

ട്രെയിൻ ചലിപ്പിക്കുന്നതിന് യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റവും LTE സംവിധാനവുമാണ് ഉപയോഗിക്കുക. ട്രെയിനുകളുടെ ട്രാക്ഷൻ 25 കിലോവോൾട്ട് എ.സി. ദ്വിമുഖ സർക്യൂട്ടുകൾ വഴി ക്രമീകരിക്കും. ട്രാക്ഷന് വൈദ്യുതി നൽകാൻ മാത്രമായി 8 പ്രത്യേക സബ് സ്റ്റേഷനുകൾ ഉണ്ടാകും. പരമ്പരാഗത റെയിൽവേ സംവിധാനത്തിനെ അപേക്ഷിച്ച് സിൽവർ ലൈൻ പൂർണ്ണമായും ഹരിത വൈദ്യുതിയിൽ ആയിരിക്കും ചലിപ്പിക്കുക. കെ-റെയിൽ സ്റ്റേഷനുകളിലും ട്രാക്കിൽ സൌകര്യമുള്ളയിടത്തും സൌരോർജ്ജ പാനലുകളും കാറ്റാടി യന്ത്രങ്ങളും ഉണ്ടാകും. റെയിൽ ലൈനിൽ 40 കിലോമീറ്റർ വ്യത്യാസത്തിൽ ഫീഡറുകൾ ക്രമീകരിച്ച് സഞ്ചരിക്കുന്ന ട്രെയിനിന് വൈദ്യുതി നൽകും. 220 കെ.വി. / 110 കെ.വി. കേബിൾ സർക്യൂട്ട് മുഖേനയാണ് കെ-റെയിലിന്റെ ട്രാക്ഷൻ സബ്സ്റ്റേഷന് കെ.എസ്.ഇ.ബി. യുടെ ഗ്രിഡ് സബ്സ്റ്റേഷൻ മുഖേന വൈദ്യുതി നൽകുക.

2025 ൽ പദ്ധതി പ്രവർത്തിച്ച് തുടങ്ങുമ്പോൾ 300 മില്ല്യൺ യൂണിറ്റ് ഊർജ്ജം കെ-റെയിലിന് മാത്രമായി വേണ്ടിവരും. ഇത് 25 വർഷം കൊണ്ട് 500 മില്ല്യൺ യൂണിറ്റായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ താഴെ പറയുന്ന സ്ഥലങ്ങളിലാണ് കെ-റെയിലിന് വേണ്ടി മാത്രമുള്ള പ്രത്യേക സബ്സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്.
1. പള്ളിപ്പുറം (തിരുവനന്തപുരം)
2. കുണ്ടറ (കൊല്ലം)
3. കോട്ടയം (കോട്ടയം)
4. അങ്കമാലി (എറണാകുളം)
5. കുന്നംകുളം (തൃശ്ശൂർ)
6. ഏലത്തൂർ (കോഴിക്കോട്)
7. ചൊവ്വ (കണ്ണൂർ)
8. കാഞ്ഞങ്ങാട് (കാസർഗോഡ്)
ഇതു കൂടാതെ കെ-റെയിലിന്റെ നിർദ്ദിഷ്ട പാതയിൽ നിലവിലുള്ള 72 EHT പവർ ലൈനുകളും 2000 ഓളം HT/LT പവർ ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടതായി വരും. റെയിൽ പാതയുടെ 15.56 മീറ്റർ ഉയരത്തിൽ ആയിരിക്കും 110 കെ.വി. ലൈൻ ക്രമീകരിക്കുക. 16.4 മീറ്റർ ഉയരത്തിലായിരിക്കും 220 കെ.വി. ലൈനുകൾ കടന്നു പോകുക. 400 കെ.വി. ലൈനുകൾ 18 മീറ്ററിന് മുകളിലായിരിക്കും കടന്നു പോകുക. 2025 നകം ആവശ്യമായ ട്രാക്ഷൻ സബ്സ്റ്റേഷനുകളുടെ നിർമമാണം പൂർത്തിയാക്കി കെ-റെയിലിന് ആവശ്യമായ വൈദ്യുതി സംവിധാനം ഒരുക്കാൻ യോഗത്തിൽ ധാരണയായി. ഒപ്പം കെ-റെയിലിന് മാത്രമായി ഹരിത വൈദ്യുതി ഉത്പാദന സാദ്ധ്യതകൾ പരിശോധിക്കാൻ കെ.എസ്.ഇ.ബി.എൽ തീരുമാനിച്ചു. കെ-റെയിൽ യാഥാർത്ഥ്യമാകുമ്പോൾ ആവർത്തനച്ചിലവ് ഏറ്റവുമധികം നിയന്ത്രിക്കുന്ന ഘടകം വൈദ്യുതി ചാർജ്ജ് ആകയാൽ ഇന്ത്യയിൽ എവിടേയും ഉത്പാദിപ്പിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഹരിത വൈദ്യുതി കഴിയുന്നതും കെ-റെയിലിന് ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.എൽ ആലോചിക്കുന്നു. ഇതിനായി ആവശ്യമെങ്കിൽ പ്രത്യേക സ്പെഷ്യൽ പർപസ് വെഹിക്കിൾ രൂപീകരിക്കാനും ചിന്തിക്കുന്നു.

കെ.എസ്.ഇ.ബി. യുടെ നിലവിലുള്ള ഹരിത വൈദ്യുതി ഉത്പാദന പദ്ധതിയുടെ വിശദാംശം സാദ്ധ്യതാ പഠനത്തിൽ പങ്കെടുക്കുന്നതിനായ രീതിയിൽ കെ-റെയിലിന് ലഭ്യമാകും. കെ-റെയിൽ പദ്ധതിക്ക് വൈദ്യുതി ക്രമീകരണം ഒരുക്കുന്നതിന് നോഡൽ ഓഫീസർമാരായി വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ശ്രീ. സണ്ണി ജോണിനേയും, REES ചീഫ് എഞ്ചിനീയർ ശ്രീ. ജി. സുധീറിനേയും കെ.എസ്.ഇ.ബി. നിയമിച്ചു. കെ-റെയിൽ ഇലക്ട്രിക്കൽ മാനേജ്മെന്റുമായി ചേർന്ന് അടുത്ത 3 മാസത്തിനുള്ളിൽ കെ-റെയിലിന്റെ വൈദ്യുതി ആവശ്യത്തിനുള്ള വിശദ ഡി.പി.ആർ തയ്യാറാക്കുന്നതും, ട്രാൻസ്പോർട്ടേഷൻ രംഗത്ത് നിലവിലുള്ള വൈദ്യുതി ഉപഭോഗത്തിന്റെ 30% എങ്കിലും സംസ്ഥാനത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്നത് പരിഗണിച്ച് സംസ്ഥാനത്ത് ഇടുക്കിയിലും മൂഴിയാറിലും പീക്കിംഗ് പവർ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതും കെ.എസ്.ഇ.ബി.എൽ പരിഗണിക്കുന്നു.

കെ-റെയിൽ പദ്ധതിയുടെ വൈദ്യുതി ക്രമീകരണം ലോക നിലവാരത്തിൽ ഒരുക്കുന്നതിന് വേണ്ടി സംവിധാനമൊരുക്കാൻ കെ.എസ്.ഇ.ബി.എൽ സി.എം.ഡി പ്രോജക്ട് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.