ശബ്‌ദ ഘോഷം ഇല്ലാതെ ഇരട്ടവിജയം 

Share

തിരുവനന്തപുരം: അറിവിനെ കേൾവിയും ശബ്ദവുമാക്കി ഇന്ത്യൻ എൻജിനിയറിങ്‌ സർവീസസ്‌ പരീക്ഷയിൽ വിസ്മയ വിജയവുമായി മലയാളി ഇരട്ടസഹോദരിമാർ.

ജന്മനാ കേൾവിശക്തിയും സംസാരശേഷിയും അന്യമായ തിരുവനന്തപുരം തിരുമലയിലെ എസ്‌ പാർവതിയും ലക്ഷ്‌മിയും നേടിയത്‌ 74–-ാം റാങ്കും 75–-ാം റാങ്കും (സിവിൽ എൻജിനിയറിങ്‌ വിഭാഗം). ഇത്തവണ റാങ്ക്‌ നേടിയ മലയാളികൾ ഈ സഹോദരിമാർ മാത്രം. ശബ്ദത്തിൻറെ  ലോകം തീർത്ത പ്രതിസന്ധിയെ അമ്മ സീതയ്‌ക്കും സഹോദരൻ വിഷ്‌ണുവിനുമൊപ്പമാണ്‌ സഹോദരിമാർ മറികടന്നത്‌.
വിഷ്‌ണുവിനുശേഷം ജനിച്ച ഇരട്ട പെൺകുട്ടികൾക്ക്‌ കേൾവിശക്തി ഇല്ലെന്നറിഞ്ഞപ്പോൾ തളരാതെ യുദ്ധം നയിച്ചത്‌ സീതയായിരുന്നു.

ഭാഗികമായ കേൾവി  മാത്രമാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ജീവനക്കാരിയായ സീതയ്ക്കുള്ളത്‌. കുട്ടികൾക്ക്‌ രണ്ടുവയസ്സായപ്പോൾ ഭർത്താവ്‌ അജികുമാർ മരിച്ചത്‌ തിരിച്ചടിയായെങ്കിലും തളരാൻ അമ്മ തയ്യാറായില്ല. മൂന്നുപേരെയും പഠിപ്പിച്ചു. വിഷ്‌ണു തിരുവനന്തപുരം സിഇടിയിൽ സിവിൽ എൻജിനിയറിങ്ങിൽ പ്രവേശനം നേടുകയും പൊതുമരാമത്ത്‌ വകുപ്പിൽ അസിസ്റ്റന്റ്‌ എൻജിനിയറായി നിയമനം നേടുകയും ചെയ്തതോടെയാണ്‌ പാർവതിയും ലക്ഷ്‌മിയും അതേവഴി തെരഞ്ഞെടുത്തത്‌.

ചേട്ടൻറെ  മാർഗനിർദേശത്തിൽ ഉയർന്ന മാർക്കോടെ ഇരുവരും സിഇടിയിൽനിന്ന്‌ ബിടെക്‌ ബിരുദം നേടി. എംടെക്‌ പൂർത്തിയാക്കി ലക്ഷ്‌മി ജലവിഭവ വകുപ്പിലും ബിരുദത്തിനുശേഷം പാർവതി കോട്ടയത്ത്‌ കടപ്ലാമറ്റം പഞ്ചായത്തിലും ജോലി നോക്കുകയാണ്‌. ഇതിനിടെയും ഐഇഎസ്‌ എന്ന വലിയ സ്വപ്നം അവർ പിന്തുടർന്നു. 2019ലും 2020ലും പരീക്ഷ എഴുതിയെങ്കിലും അഭിമുഖം വരെ എത്താനായില്ല. എന്നാൽ, 2021ൽ  ലക്ഷ്യം കണ്ടു. കോക്ലിയർ ഇംപ്ലാന്റേഷനോ മറ്റ്‌ ആധുനിക ഡിജിറ്റൽ കേൾവി ഉപകരണങ്ങളോ ഒന്നും ഇരുവർക്കുമില്ല. ഒന്നര മുതൽ ആറുവയസ്സുവരെ നിഷിൽ ലഭിച്ച പരിശീലനം രണ്ടുപേരുടെയും ആശയവിനിമയ കഴിവിനെ ഏറെ സ്വാധീനിച്ചു. പിന്നീട്‌ സാധാരണ സ്കൂളുകളിലായിരുന്നു പഠനം.

തുടക്കംമുതൽ അമ്മ സീതയാണ്‌ പാർവതിയുടെയും ലക്ഷ്‌മിയുടെയും ശബ്ദം. മക്കളുടെ ഈ വിജയത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും അമ്മതന്നെ. “മക്കൾക്കൊപ്പം ഡൽഹിയിലെ യുപിഎസ്‌സി ഓഫീസിൽ അഭിമുഖത്തിന്‌ പോയപ്പോൾ ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടിയിരുന്നു. അവിടെയെത്തിയ കുട്ടികളെ കണ്ടപ്പോൾ രണ്ടുപേർക്കും പേടി തോന്നി. അഭിമുഖത്തിനായി പ്രത്യേക വ്യാഖ്യാതാവിനെ ആവശ്യപ്പെട്ടിരുന്നു. ഇന്റർവ്യൂ ബോർഡിലുള്ളവർ ചോദിക്കുന്ന ചോദ്യം വ്യാഖ്യാതാവ്‌ ഇരുവർക്കും പറഞ്ഞുകൊടുത്തു. അവർ ടൈപ്പ്‌ ചെയ്താണ്‌ മറുപടി നൽകിയത്‌. മെഡിക്കൽ ചെക്കപ്പും ട്രെയിനിങ്ങുമൊക്കെയാണ്‌ അടുത്തപടി. അതിനായി കാത്തിരിക്കുകയാണ്‌.