ദിലീപിൻറെ ഓഡിയോ മഞ്‌ജു വാര്യർ തിരിച്ചറിഞ്ഞു 

Share

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ  ഓഡിയോ ക്ലിപ്പുകളിൽ നിന്ന്‌ ശബ്‌ദം തിരിച്ചറിഞ്ഞ്‌ നടി മഞ്‌ജു വാര്യർ. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തുടരന്വേഷണത്തിൻറെ  ഭാഗമായാണ്‌ നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം.

കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിൻറെ  സഹോദരി ഭർത്താവ്‌ സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം. മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ്‌ മൊഴിയെടുത്തത്. ദിലീപിൻറെ  ഉൾപ്പെടെ എല്ലാവരുടെയും ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞു.

നടൻ ദിലീപിന്റേതെന്ന്‌ സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ്‌ 2017 നവംബർ 15ന്‌ ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത്‌ ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ്‌ നീളുന്ന സംഭാഷണമാണ്‌ പുറത്തുവന്നത്‌. ‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, ‌വേറെ പെണ്ണ്‌ അനുഭവിക്കേണ്ടതായിരുന്നു. അത്‌… അവരെ നമ്മൾ രക്ഷിച്ച്‌ രക്ഷിച്ച്‌ കൊണ്ടുപോയിട്ട്‌ ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ്‌ ദിലീപ്‌ സുഹൃത്തിനോടു പറയുന്നത്‌. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ്‌ ചെയ്‌ത സംഭാഷണമാണ്‌ ഇത്‌.

വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്‌ ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ്‌ പറഞ്ഞിരുന്നു. എന്നാൽ, ഇത്‌ ദിലീപിൻറെ  ശബ്‌ദംതന്നെയാണെന്ന്‌ മറ്റ്‌ സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ ഫോറൻസിക്‌ ലാബിൽ നൽകിയിരിക്കുകയാണ്‌.

Leave a Reply

Your email address will not be published.