ദിലീപിന് തിരിച്ചടി; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി

Share

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. 

ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് നിലവിലെ വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിർണായകമാ ഫോൺ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുൻകൂർ ജാമ്യം പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടത്. എന്നാൽ അതിന് ശേഷം പ്രോസിക്യൂഷൻ ഉണർന്ന് പ്രവർത്തിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ സായ് ശങ്കർ മൊഴിയായി നൽകിയതോടെ ദിലീപിനെതിരായ കേസ് കൂടുതൽ ശക്തമായി. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.

Leave a Reply

Your email address will not be published.