തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില്‍ നിന്നും പുറപ്പെട്ടു

Share


മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. തങ്ക അങ്കി ദര്‍ശനത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്തിയിരുന്നു.


തങ്ക അങ്കി ഘോഷയാത്രയെ യാത്ര അയയ്ക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ഡെപ്യുട്ടി കമ്മീഷണര്‍ ഡി.ബൈജു, തിരുവാഭരണം കമ്മീഷണര്‍ എസ്. അജിത്കുമാര്‍ എന്നിവര്‍ എത്തിയിരുന്നു.

കെഎപി കമാന്‍ഡന്റ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സായുധസംഘവും, കെ. സൈനുരാജ്, ജി. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ സംഘവും ഷോഷയാത്രയെ അനുഗമിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും.

വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 25ന് പമ്പയില്‍ എത്തും. ഇന്ന് രാത്രി ഏട്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ഘോഷയാത്ര സംഘം വിശ്രമിക്കും. 25ന് വൈകിട്ട് 6.30ന് – തങ്ക അങ്കി വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന – 26ന് ഉച്ചയ്ക്ക് മണ്ഡലപൂജ.