ഡീപ് ഇങ്ക് കുൽദീപ് കൃഷ്ണക്കെതിരെ പീഡന പരാതി 

Share

കൊച്ചി: വീണ്ടും ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്നാണ് പരാതി. ടാറ്റു ആര്‍ട്ടിസ്റ്റ് കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് യുവതിയുടെ പരാതി. ഡീപ് ഇന്‍ക് ടാറ്റൂ എന്ന ടാറ്റൂ സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരിയാണ് കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്.

2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ടാറ്റൂ ചെയ്യാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുൽദീപ് പീഡിപ്പിച്ചെന്നാണ് പരാതി. കാസർകോട് സ്വദേശിയാണ് കുൽദീപ് കൃഷ്ണ.

കുല്‍ദീപ് കൃഷ്ണ 3 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. തന്റെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് കുല്‍ദീപ് കൃഷ്ണ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

സമാനമായ രീതിയില്‍ കൊച്ചിയിലെ ഇങ്ക്‌ഫെക്ടഡ് സ്റ്റുഡിയോ ഉടമ സുജീഷിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം. ആദ്യ പരാതിക്ക് പിന്നാലെ നിരവധി യുവതികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതുവരെ 7 പരാതികളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവിൽ പരാതി നൽകിയിരിക്കുന്നത്. 2019ൽ കൊച്ചിയിലെ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നതാണ് പരാതി.  കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.