ട്രാന്‍സ് വുമണ്‍ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയിൽ 

Share

കോട്ടയം: ഡിവൈഎഫ്‌ഐ നേതൃ നിരയിലേക്ക് ആദ്യമായി കോട്ടയത്ത് നിന്നു ട്രാന്‍സ് വുമണ്‍ പ്രാതിനിധ്യം. ചങ്ങനാശേരി സ്വദേശിനി ലയ മരിയ ജെയ്സനെയാണ് പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റാണ് 30കാരിയായ ലയ.

ട്രാന്‍സ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്‍റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അഭിവാദ്യപ്പെരുമഴയുമായാണ് കേരളത്തിലെമ്പാടുമുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ ലയയുടെ വരവിനെ സ്വാഗതം ചെയ്തിരിക്കുന്നത്.

ചങ്ങനാശേരി എസ്.ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂര്‍ത്തിയാക്കിയ ലയ ഡിവൈഎഫ്‌ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2016ൽ ലയ തന്‍റെ സ്വത്വത്തിലേക്കെത്തിയ ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 2019ല്‍ ഡിവൈഎഫ്‌ഐ അംഗത്വം എടുത്തു.

തനിക്ക് ലഭിച്ച ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നിര്‍വഹിക്കുമെന്നും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ഇത് സഹായിക്കുമെന്നും ലയ പറയുന്നു.

Leave a Reply

Your email address will not be published.