ജിഫ്രി തങ്ങളെ മാറ്റാൻ നിയമഭേദഗതി

Share

കോഴിക്കോട്‌: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) യുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ നിന്ന്‌ പ്രസിഡൻറ്  ജിഫ്രി മുത്തുക്കോയ തങ്ങളെ ഒഴിവാക്കാൻ മുസ്ലിംലീഗ്‌ ഇടപെടൽ. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണമുള്ള കോർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌ (സിഐസി) തലപ്പത്ത്‌ നിന്ന്‌ ജിഫ്രിതങ്ങളെ മാറ്റാൻ  നിയമ ഭേദഗതിക്കാണ്‌ ലീഗ്‌ നീക്കം.

വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വാഫി, വഫിയ്യ ബിരുദങ്ങൾ നൽകുന്ന കോളേജുകളെ നിയന്ത്രിക്കുന്ന സമിതിയാണ്‌ സിഐസി. സ്വതന്ത്രമായി പ്രവർത്തിക്കാനെന്ന പേര്‌ പറഞ്ഞാണ്‌ നിയമ ഭേദഗതി കൊണ്ടുവരുന്നത്‌. സമസ്‌ത പ്രസിഡൻറ് ആണ് നിലവിൽ സിഐസി ഉപദേശകസമിതിഅംഗം. സമസ്‌ത മുശാവറ അംഗത്തെ ഉപദേശകസമിതിയാക്കാമെന്നതാണ്‌ പുതിയ ഭേദഗതി. ഇത്‌ നിലവിൽ വന്നാൽ ജിഫ്രിതങ്ങൾ ഉപദേശകസമിതിയിൽ നിന്ന്‌ പുറത്താകും. സിഐസി സമസ്‌തയുടെ വീക്ഷണവും ഉപദേശ നിർദേശാനുസൃതം പ്രവർത്തിക്കണമെന്നത്‌ തിരുതതുന്നതാണ്‌ മറ്റൊരു ഭേദഗതി. നിയഭേദഗതിക്കായി  വാഫി സ്ഥാപന മേധാവി ഹഖീം ഫൈസി ആദൃശ്ശേരി മലപ്പുറം ജില്ലാ രജിസ്‌ട്രാർക്ക്‌ അപേക്ഷ നൽകി.

സിഐസി സെനറ്റ്‌ ചേർന്നാണ്‌ ഭേദഗതികൾകൊണ്ടുവന്നത്‌. കഴിഞ്ഞ ദിവസം ഇത്‌ ചർച്ചചെയ്‌തു. സെനറ്റിൽ ലീഗനുകൂലികൾക്കാണ്‌ ഭൂരിപക്ഷം. വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിനെതിരായ ലീഗിൻറെ പള്ളിസമരത്തെ എതിർത്തതോടെ ജിഫ്രിതങ്ങൾ ലീഗിന്റെ കണ്ണിലെ കരടായിരുന്നു. സമസ്‌ത, മുസ്ലിം കോർഡിനേഷൻ സമിതി ബന്ധം ഉപേക്ഷിച്ചതും അതൃപ്‌തി വർധിപ്പിച്ചു. തുടർന്ന്‌ ലീഗ്‌ പ്രവർത്തകർ  ജിഫ്രിതങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ മോശം ഭാഷയിൽ നിരന്തരം അധിക്ഷേപിക്കയുണ്ടായി. ഒടുവിലാണ്‌ ഇസ്ലാംമത വദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തു നിന്നു ജിഫ്രിതങ്ങളെ പുറത്താക്കാനുള്ള നീക്കങ്ങൾ. സമസ്‌തയിൽ ഒരുവിഭാഗം ഇതിനെതിരെ രംഗത്തുവരുമെന്നാണ്‌ സൂചന.

Leave a Reply

Your email address will not be published.