ഇന്ത്യാ വിരുദ്ധ പ്രചരണം: യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു

Share

ന്യൂ ഡൽഹി: രഹസ്യാന്വേഷണ ഏജൻസികളുടെയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഭാഗമായി, ഇന്റർനെറ്റിൽ ഇന്ത്യാ വിരുദ്ധവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ തിങ്കളാഴ്ച മന്ത്രാലയം ഉത്തരവിട്ടു. രണ്ട് വ്യത്യസ്‌ത ഉത്തരവുകളിലൂടെ – 20 യൂട്യൂബ് ചാനലുകൾ സംബന്ധിച്ഛ് യുട്യൂബിനോടും, 2 വാർത്താ വെബ്‌സൈറ്റുകൾ സംബന്ധിച്ഛ് ഇന്റർനെറ്റ് സേവന ദാതാക്കളോട് നിർദ്ദേശിക്കാൻ ടെലികോം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ടതും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നതുമായ വിഷയങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ വേണ്ടി പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന, ഒരു ഏകോപിത വിവര ശൃംഖലയുടെ ഭാഗമാണ് ചാനലുകളും വെബ്‌സൈറ്റുകളും. കശ്മീർ, ഇന്ത്യൻ സൈന്യം, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന ഉള്ളടക്കം പോസ്‌റ്റ് ചെയ്യാൻ ചാനലുകളെ ഉപയോഗിച്ചു.

പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലുകളുടെ ശൃംഖലയായ നയാ പാകിസ്ഥാൻ ഗ്രൂപ്പും (NPG), NPG യുമായി ബന്ധമില്ലാത്ത മറ്റ് ചില യൂട്യൂബ് ചാനലുകളും ഇതിൽ ഉൾപ്പെടുന്നു. ചാനലുകൾക്ക് 35 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്നു. അവരുടെ വീഡിയോകൾക്ക് 55 കോടിയിലധികം കാഴ്‌ചക്കാരുണ്ട്. നയാ പാകിസ്ഥാൻ ഗ്രൂപ്പിന്റെ (NPG) ചില യൂട്യൂബ് ചാനലുകൾ പാക്കിസ്ഥാൻ വാർത്താ ചാനലുകളിലെ അവതാരകരാണ് കൈകാര്യം ചെയ്യുന്നത്.

ഈ യൂട്യൂബ് ചാനലുകൾ കർഷക പ്രതിഷേധം, പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റ് ചെയ്യുകയും, ഇന്ത്യാ ഗവൺമെന്റിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യ പ്രക്രിയയെ തുരങ്കം വയ്ക്കും വിധമുള്ള ഉള്ളടക്കം പോസ്റ്റു ചെയ്യാൻ ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുമെന്ന് കരുതുന്നു.

ചാനലുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്, 2021 ന്റെ ചട്ടം 16 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ മന്ത്രാലയം ഉപയോഗിച്ചു.