6 കോടിയുടെ മദ്യ തട്ടിപ്പ് പ്രതിക്ക്
ചെന്നിത്തല ബന്ധം

Share

തിരുവനന്തപുരം:വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ആറ്‌ കോടിയുടെ വിദേശ മദ്യ തട്ടിപ്പിന്‌ സിബിഐ അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതിയുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് ബന്ധം . പ്ലസ്‌മാക്‌സ്‌ കേസ് എന്ന അറിയപ്പെടുന്ന തട്ടിപ്പിലെ പ്രധാനിയായ കിരൺ ഡേവിഡിനെ ചെന്നിത്തല ഇടപെട്ട് യൂത്ത് കോൺഗ്രസ്‌ തിരുവനന്തപുരം നിയോജകമണ്ഡലം ഭാരവാഹിയാക്കിയെന്ന് ആരോപണം . പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ്‌ ഹൗസിൽ  സന്ദർശകനായ കിരൺ ഡേവിഡും ചെന്നിത്തലയും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. ആദ്യഭാര്യയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലും കിരണിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം  നടക്കുന്നുണ്ട്. തട്ടിപ്പ്‌ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മർദിച്ചതിനും കേസുണ്ട്‌.

സ്വർണക്കടത്ത്‌ കേസിലെ പ്രതികൾക്ക്‌ മുസ്ലിംലീഗ്‌ നേതാക്കളുമായുള്ള ബന്ധം ചർച്ചചെയ്യുന്നതിനിടെയാണ്‌ വിദേശ മദ്യ തട്ടിപ്പ്‌ കേസിലെ പ്രതിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ‘സൗഹൃദം’ പുറത്തായത്. കിരൺ ഡേവിഡിനെ വിദേശ മദ്യ തട്ടിപ്പ്‌ കേസിൽ കസ്റ്റംസ് നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. വിമാനയാത്രക്കാരുടെ വിവരങ്ങൾ ചോർത്തി അവരുടെ പേരിൽ വിദേശ മദ്യം വാങ്ങി മറിച്ചുവിറ്റാണ്‌‌ നികുതി തട്ടിപ്പ്‌ നടത്തിയത്‌. 2017 സെപ്‌തംബർമുതൽ ഡിസംബർവരെ മാത്രം 13,000 യാത്രക്കാരുടെ വിവരങ്ങൾ ചോർത്തി. ഇത്‌ ഉപയോഗിച്ച്‌ വിദേശ മദ്യത്തിന്റെ 80 കോടി രൂപയുടെ വ്യാജ ബില്ലും തയ്യാറാക്കി.  കസ്റ്റംസ് അന്വേഷണത്തെ തുടർന്ന്‌ ഇയാൾ ഗോവയിലേക്ക്‌ കടന്നു. കസ്റ്റംസ് ഗോവയിൽ എത്തിയെങ്കിലും കൊച്ചിയിലേക്ക് കടന്നു. അന്വേഷക സംഘം കൊച്ചിയിൽവച്ച്‌ പിടികൂടി. പിന്നീട്‌ കേസ് സിബിഐയ്ക്ക് കൈമാറി.

 തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ചെന്നിത്തലയുടെ പരിപാടികൾക്കും സമരങ്ങൾക്കും പ്രവർത്തകരെ കൂട്ടുന്നതടക്കമുള്ള ചുമതലകളും ഇയാൾക്കാണ്‌. ഗോവയിലേക്ക്‌ കടക്കുന്നതിനും കേസ് നടത്തിപ്പിനും ഇയാൾക്ക്‌ ഐ ഗ്രൂപ്പിന്റെ സഹായം ലഭിച്ചത്‌ പാർടിക്കുള്ളിൽ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയ സിബിഐ ഉദ്യോഗസ്ഥർ വിദേശ മദ്യ തട്ടിപ്പ്‌ കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചതോടെ ചെന്നിത്തലയും കിരണും തമ്മിലുള്ള ബന്ധം വീണ്ടും  ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *