ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡി.ജി.പിമാരുടെ യോഗം ഇന്ന് (വെള്ളി) തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കും.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽ സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് താഴേത്തട്ടിലുള്ള പൊലീസ് നടപടികൾക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർ സംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുൻഗണന നൽകുന്നു. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയൽ സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
കർണാടക, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെകൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാൻ കേരളാ പൊലീസിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.