സർവകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി

Share

പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി. സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയില് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.

ഇതിനിടെ പാലക്കാട്ടെ എസ് ഡിപി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ. ആറുമുഖൻ,ശരവണൻ,രമേശ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതുന്നവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയില്‍ അരങ്ങേറിയത്. എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ ശരീരത്തില്‍ പത്തോളം ആഴത്തിലുള്ള വെട്ടുകളുണ്ടായിരുന്നു. സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും കൊലപാതക തടയാനായില്ല.