സ്വർണ കടത്ത്: ജലീൽ വൻ കുരുക്കിൽ

കൊച്ചി:ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കീഴിലുള്ള വട്ടിയൂർക്കാവിലെ സി -ആപ്റ്റിൽ, സ്വർണ കടത്ത് അന്വേഷകർ നടത്തിയ റെയ്‌ഡ്‌ നിർണായകം എന്ന് സൂചന.

യു എ ഇ കോൺസുലേറ്റിൽ നിന്നുള്ള ചില പാഴ്സലുകൾ സി -ആപ്റ്റിൽ എത്തിച്ച് ജലീലിൻറെ മണ്ഡലത്തിൽ കൊണ്ട് പോയിരുന്നു. സി -ആപ്റ്റിൻറെ വാഹനത്തിലാണ് ഇവ കൊണ്ട് പോയത്. ഇവിടെ അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങൾക്ക് ഒപ്പം പാഴ്സലുകൾ കടത്തിയത് സംശയാസ്പദമാണ്. സാധാരണ വസ്തുക്കൾ എന്തെങ്കിലും കോൺസുലേറ്റിൽ നിന്ന് സി -ആപ്റ്റിൽ എത്തിക്കുന്നത് തന്നെ ശരിയല്ല. റമസാൻ ഭക്ഷണ കിറ്റുകളും ഖുർ ആനുമാണ് കൊണ്ട് പോയത് എന്ന ജലീലിൻറെ വാദം അന്വേഷകർ അംഗീകരിക്കുന്നില്ല. ഖുർ ആൻ കോൺസുലേറ്റിൽ നിന്ന് കൊണ്ട് പോയാലും അത് മത പ്രചാരണം ആകയാൽ, ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് തുല്യമാണ്.

എന്നാൽ,സി ആപ്റ്റിൽ നിന്ന് കൊണ്ട് പോയത് സ്വർണമാണോ എന്നാണ് അന്വേഷകർ സംശയിക്കുന്നത്. കടത്തിൽ പ്രതികൾ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. അവിടെ നിന്ന് അധികാരവുമായി ബന്ധമുള്ളവർ ജലീലും ശ്രീരാമകൃഷ്ണനുമാണ്. ഇവരെ സ്വപ്നയും സംഘവും ബന്ധപ്പെട്ടു കൊണ്ടുമിരുന്നു.

റമസാൻ കിറ്റുകൾ ജലീലിൻറെ മണ്ഡലത്തിൽ തന്നെ കൊടുക്കണം എന്ന് നിര്‍ബന്ധമില്ല. തിരുവനന്തപുരത്ത് തന്നെ കൊടുക്കാൻ കഴിയുമായിരുന്നു. അതിനാൽ,കൊണ്ട് പോയത് റമസാൻ കിറ്റുകളാണോ സ്വർണമാണോ എന്നാണ് അന്വേഷിക്കുന്നത്. ഇത് അറിയാവുന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസം ജലീലിന് വേണ്ടി മാതൃഭൂമി അഭിമുഖം പ്രസിദ്ധീകരിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി- ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം.

കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ഇവിടേക്ക് പായ്ക്കറ്റുകള്‍ വന്നിരുന്നതായും വ്യക്തമായിട്ടുണ്ട്. കോണ്‍സുലേറ്റിലെ കാറുകളും സ്ഥിരമായി ഈ ഓഫീസില്‍ എത്തിയിരുന്നു. പായ്ക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസില്‍ എത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സി – ആപ്റ്റില്‍ എത്തി ചില പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. സി – ആപ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.  

വാഹനത്തിൻറെ ലോഗ് ബുക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജലീലാണ് സി -ആപ്റ്റ് ചെയർമാൻ.

സി -ആപ്റ്റ് നിൽക്കുന്ന വട്ടിയൂർക്കാവിൽ തന്നെയാണ് കേസിൽപെട്ട ഗൺമാൻ ജയാഘോഷിൻറെ വീട് എന്നത് സംഭവത്തിൻറെ ദുരൂഹത കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *