സ്വാതന്ത്ര്യദിനാഘോഷം; സിപിഎം കഴിഞ്ഞകാല വിമര്‍ശനങ്ങളിലെ തെറ്റ് ഏറ്റുപറയണം: കെ സുധാകരന്‍

Share

എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ സ്വാതന്ത്ര്യം ദിനം ആഘോഷിച്ച സിപിഎമ്മിന്റെ സത്ബുദ്ധി സ്വാഗതാര്‍ഹമാണെങ്കിലും ഇക്കാലമത്രയും ചെയ്തത് തെറ്റാണെന്ന് പറയാനുള്ള നട്ടെല്ല് കാണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വതന്ത്ര്യദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സിപിഎം.ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റുകാര്‍.ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് ആപത്ത് 15 ആയിരുന്നു.മഹാത്മഗാന്ധിജിയെയും അഹിംസയെയും അവര്‍ തിരസ്‌കരിച്ചു.കോണ്‍ഗ്രസിന്റെ രാക്ഷ്ട്രീയ ലക്ഷ്യത്തെ പരസ്യമായി അധിക്ഷേപിച്ചു. പക്ഷേ ഒറ്റുകാരെ നിഷ്പ്രമമാക്കി ബാബുജിയുടെ നേതൃത്വത്തില്‍ രാജ്യത്തിന് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം.

എഴുപത്തഞ്ച് വര്‍ഷം കാത്തിരിന്നിട്ടും കോണ്‍ഗ്രസിന്റെ ലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയാതെ കമ്യൂണിസ്റ്റുകാര്‍ പരിവര്‍ത്തനത്തിന് വിധേയമായി ദേശീയപതാക സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തിയ വിവേകത്തെ സ്വാഗതം ചെയ്യുന്നു.

നനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ അസ്ഥിത്വം നിലനിര്‍ത്താന്‍ നമുക്ക് കഴിയുമോയെന്ന് പലരും ശങ്കിച്ചിരുന്നു. വിഘടനവാദത്തെയും വര്‍ഗീയ കാലപങ്ങളെയും അതിജീവിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ കരുത്തുകാട്ടാനും സമാധാനവും ഐക്യവും സംരക്ഷിക്കാനും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. വൈരുദ്ധ്യങ്ങളെ കോര്‍ത്തിണക്കിയ അദൃശ്യമായ കരുത്ത് കോണ്‍ഗ്രസാണ്. അത് രാഷ്ട്രീയ എതിരാളികള്‍ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്.

സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പോലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ഹിന്ദുവര്‍ഗീയത തിളച്ച് മറിയുന്ന ഒരു രാഷട്രീയനേതാവിന് മാത്രമെ നടത്താന്‍ സാധിക്കൂ. മതേതരത്തെ ഉള്‍ക്കൊള്ളുന്ന നേതാവിന് ഇത്തരം പ്രസ്താവന നടത്താന്‍ സാധ്യമല്ല.ജനങ്ങളുടെ മനസ്സില്‍ വര്‍ഗീയതയുടെ തീകോരിയിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത് അപകടകരമാണെന്നും സുധാകരന്‍ പറഞ്ഞു.

സ്വാതന്ത്ര്യനന്തര ഇന്ത്യയെ സ്വയംപര്യപ്തതയിലേക്കും വ്യവസായിക,വിദ്യാഭ്യാസ,ശാസ്ത്ര സാങ്കേതിക രംഗത്തെ വികസന കുതിപ്പിലേക്കും കയ്യ്പിടിച്ച് ഉര്‍ത്തിയത് കോണ്‍ഗ്രസാണ്.ഭക്ഷ്യഉത്പന്നങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ ഇന്ന് വളര്‍ന്നു. ലോകത്തിലെ വന്‍ ശക്തിയായി ഇന്ത്യയെ മാറ്റിയതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുതാണ്. ആ നേട്ടം ഉന്നയിക്കാന്‍ ബിജെപിക്കും സിപിഎമ്മിനുമാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

സുര്യനസ്തമിക്കാത്ത രാജ്യമായ ബ്രിട്ടനോട് നിരായുധരായി പടവെട്ടി രാജ്യത്തിന്റെ സ്വതന്ത്ര്യം സ്വായര്‍ത്ഥകമാക്കിയ നാടാണ് ഇന്ത്യ.ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇതിന് സമാനമായ രാഷ്ട്രീയ ചരിത്രം എവിടെയും കാണാന്‍ സാധ്യമല്ലെന്നും സുധാകരന്‍ പറഞ്ഞു.

എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനിധി പുരസ്‌ക്കാരം 2021 കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമ്മാനിച്ചു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി,മണക്കാട് സുരേഷ്,വിഎസ് ശിവകുമാര്‍,കെ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *