സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൻ’

Share

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൻ’ ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എന്നിന്റെ ‘ഓറഞ്ച് ദ വേൾഡ്’ തീം അടിസ്ഥാനമാക്കിയാണ് വകുപ്പ് പരിപാടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പരിഷ്‌കൃതരും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന കേരള സമൂഹത്തിലും സ്ത്രീകൾ വിവിധതരം അതിക്രമങ്ങൾക്ക് വിധേയമാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. പരിഷ്‌കൃത സമൂഹത്തിന് ഇത് അപമാനകരമാണ്. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ വർധിക്കുന്നതിന് ഒരു പ്രധാന കാരണം സ്ത്രീധനമെന്ന അനാചാരമാണ്. ഇത്തരം പ്രവർത്തനങ്ങൾ പൂർണമായും തുടച്ചുമാറ്റേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയും ധർമ്മവുമാണെന്നും മന്ത്രി വ്യക്തമാക്കി.
കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികൾ, മതമേലധ്യക്ഷൻമാർ, റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ, കോളേജ് വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
സ്ത്രീധന നിരോധനം, ഗാർഹിക പീഡന നിരോധനം, ശൈശവ വിവാഹം തടയൽ, പൊതുയിടം എന്റേതും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹാഷ് ടാഗ് കാമ്പയിൻ നടത്തും. അങ്കണവാടി പ്രവർത്തകർ, സ്‌കൂൾ കൗൺസിലർമാർ, എംഎസ്‌കെ, ഡി.ഡബ്ല്യു.സി.ഡി.ഒ., ഡബ്ല്യു.പി.ഒ., പി.ഒ., ഡി.സി.പി.ഒ. എന്നിവർ മുഖേന പൊതുജനങ്ങൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഹാഷ് ടാഗ് കാമ്പയിൻ നടത്തുന്നത്.
സൈക്കിൾ റാലി, ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം, ഡെൽസയുമായി സഹകരിച്ച് അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ചർച്ച, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ചുള്ള എഫ്എം റേഡിയോ കാമ്പയിൻ, വിദ്യാർത്ഥികൾക്കുള്ള ചുവർ ചിത്ര മത്സരം എന്നിവയും നടത്തും. ബ്ലോക്ക് തലത്തിൽ സിഡിപിഒമാരുടെ നേതൃത്വത്തിൽ എല്ലാ സൂപ്പർവൈസർമാരും അതത് പഞ്ചായത്ത് തലത്തിൽ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിച്ച് പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തും. ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പുന:സംഘടിപ്പിച്ച ജില്ലാതല മോണിറ്ററിംഗ് സമിതികൾ യോഗം ചേരും.
മാർച്ച് 8 വരെ പൊതുയിടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി വിവിധയിടങ്ങളിൽ രാത്രി നടത്തം സംഘടിപ്പിക്കും. ജില്ലാതലത്തിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തിൽ സൂപ്പർവൈസർമാരുടെ നേതൃത്വത്തിലും സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ പ്രവർത്തകർ, കോളേജ് വിദ്യാർത്ഥികൾ എന്നിവരുമായി സഹകരിച്ചാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്.