സി ആപ്റ്റിൽ എത്തിയത് 28 പാഴ്‌സൽ; ജലീൽ കുരുക്കിൽ

തിരുവനന്തപുരം:സി-ആപ്റ്റിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനം. സി ആപ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ (ഫിനാൻസ്) മനോജ് ബാബു, പിആർഒ സാം അൽഫോൺസ്, മുൻ എംഡി അബ്ദുൾ റഹ്മാൻ എന്നിവരോട് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. തികളാഴ്ച  ഹാജരാകണമെന്നാണ് നോട്ടിസിലെ നിർദ്ദേശം. 
യു.എ.ഇ. കോൺസുലേറ്റിൽനിന്നു  സർക്കാർ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റിൽ പാഴ്സലുകൾ എത്തിയെന്ന്  കസ്റ്റംസ് സ്ഥിരീകരിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കൂടുതൽ  അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.  കോൺസുലേറ്റിൽനിന്ന്‌ നേരിട്ട് റംസാൻ കിറ്റുകൾ കൈപ്പറ്റി വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ.

ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശമെത്തിയതിനെ തുടർന്ന് സി-ആപ്റ്റിലെത്തിയ  പാഴ്സലുകൾ എടപ്പാളിലെത്തിച്ചത്  ഉന്നത ഉദ്യോഗസ്ഥരാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 28 പാഴ്‌സലുകളാണ്   സി-ആപ്റ്റിൽ എത്തിയതെന്നാണ്  കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ പാഴ്സലുകൾ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനമാണ് ഉപയോഗിച്ചത്.

രണ്ടു വാഹനങ്ങളിലാണ് കോൺസുലേറ്റിൽനിന്ന്‌ പാഴ്‌സലുകൾ സി-ആപ്റ്റിൽ എത്തിച്ചത്. ഒന്നിൽ മത ഗ്രന്ഥത്തിന്റെ പകർപ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ നിർദേശം നൽകിയെന്നും ജീവനക്കാർ പറഞ്ഞു. ഉന്നതതലത്തിൽ നിന്ന് എത്തിയ  നിർദേശം  സി-ആപ്റ്റ് ഉദ്യോഗസ്ഥർ അനുസരിക്കുകയും നേതൃത്വം നൽകുകയും ആയിരുന്നു എന്നാണ് സൂചന.

മതഗ്രന്ഥത്തിൻ്റെ പകർപ്പുകൾ  ഇവിടെ സുലഭമായി കിട്ടുമ്പോൾ പുറമേ നിന്ന്  എത്തിച്ചത് എന്തിനെന്ന ചോദ്യമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. കേരള സാങ്കേതിക സർവകലാശാലയിലെ ഒരു ജീവനക്കാരന് സി-ആപ്റ്റിലെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിരുന്നു. എന്നാൽ പാഴ്‌സൽ ഇടപാടിനു പിന്നാലെ ഇയാളെ എൽ.ബി.എസിലേക്ക് മാറ്റി നിയമിച്ചത് ദുരൂഹമാണെന്നും ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *