സിപിഎമ്മിലേക്ക് വരുന്ന മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വർഗ്ഗീയ ചാപ്പ കുത്തുവാൻ ആസൂത്രിത നീക്കം നടക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

Share

ആലപ്പുഴ : സിപിഎമ്മിലേക്ക് വരുന്ന മുസ്‌ലിങ്ങളെ എസ്‌ഡിപിഐയായും ഹിന്ദുക്കളെ ആർഎസ്എസായും വർഗ്ഗീയ ചാപ്പ കുത്തുവാൻ ചിലർ ആസൂത്രിതമായ ശ്രമം നടത്തുന്നതായി കോടിയേരി ബാലകൃഷ്ണൻ.

മുസ്‌ലിം വിഭാഗത്തിൽ നിന്ന് ആരെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നുവന്നാൽ അവരെ എസ്‌ഡിപിഐയായി മുദ്രകുത്താൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്.

എന്നിട്ട് സിപിഎമ്മിൽ എസ്‌ഡിപിഐക്കാർ നുഴഞ്ഞു കയറിയെന്ന് ആരോപണം ഉന്നയിക്കുന്നു. ഈ പാർട്ടിയിൽ അങ്ങനെ ആർക്കെങ്കിലും നുഴഞ്ഞു കയറാൻ കഴിയില്ലെന്ന കാര്യം ആർഎസ്എസ് മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെക്കുലർ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിന് ഇവിടെ നുഴഞ്ഞു കയറാൻ കഴിയില്ല. സിപിഎമ്മിലേക്ക് വരുന്ന ഹിന്ദുക്കളായ ആളുകൾ ക്ഷേത്രത്തിൽ പോകുന്നവരാണ് എങ്കിൽ അവരെ ആർഎസ്എസുകാരായി ചിത്രീകരിക്കാനുള്ള ശ്രമം ചിലർ ആസൂത്രിതമായി തന്നെ നടത്തുന്നുണ്ട്.

മതനിരപേക്ഷ പ്രസ്ഥാനത്തെ തകർക്കുക എന്നതാണ് അവരുടെ ഉദ്ദേശം. ആളുകളിൽ സംശയമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളിൽ ആരും വീണുപോകരുതെന്നും മുസ്‌ലിംങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ച് ചേർന്ന് കൊണ്ട് കേരളത്തെ കലാപഭൂമിയാക്കുവാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും കോടിയേരി അഭ്യർത്ഥിച്ചു.

വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച് എല്ലാ രംഗത്തും നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്ന ആളാണ് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും പ്രവർത്തിച്ച് നടന്നുവന്നയാളാണ് സലാം.

അദ്ദേഹത്തെ എസ്‌ഡിപിഐയായി ചിത്രീകരിച്ച് കൊണ്ട് എംഎൽഎയ്‌ക്കെതിരെ ചിലർ നടത്തുന്നത് ആസൂത്രിതമായ നീക്കമാണെന്നും അത് അംഗീകരിച്ച് നൽകാൻ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.