സമൂഹത്തിന് സംഭാവന നൽകിയവരെ ചരിത്രം രേഖപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്ണൻ

Share

ചരിത്രം വ്യക്തികളെ രേഖപ്പെടുത്തുന്നത് ജീവിച്ച കാലഘട്ടങ്ങളിൽ സമൂഹത്തിന് വേണ്ടി നൽകിയ സംഭാവനകളുടെ പേരിലാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 90 വർഷം കഴിഞ്ഞും ഇപ്പോഴും നമ്മൾ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി പ്രവർത്തിച്ചവരെ ഓർക്കുന്നതിന്റെ കാരണം അതാണെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രപ്രവേശന സത്യഗ്രഹസമര നവതി ആഘോഷവും വിവിധ പദ്ധതികളുടെ സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെ കേളപ്പൻ, അയ്യാ വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണഗുരു, അയ്യങ്കാളി, വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കറുപ്പൻ, മന്നത്ത് പത്മനാഭൻ തുടങ്ങി സാമൂഹ്യ നവോത്ഥാനത്തിന് കാരണക്കാരായവരെ ഓർത്തുകൊണ്ടാണ് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷങ്ങൾ ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്ഷേത്രപ്രവേശന സത്യാഗ്രഹ നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം വിവിധ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. പുതുതായി നിർമ്മിച്ച തെക്കേ നടയിലെ പന്തൽ, ശ്രീവത്സം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ, ചുമർചിത്ര പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വരച്ച പത്മനാഭ കഥകൾ ആലേഖനം ചെയ്ത ചുമർചിത്രങ്ങളുടെ നേത്രോന്മീലനം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച എൽഇഡി വാൾ, ക്ഷേത്ര കൂത്തമ്പലം നവീകരണത്തിന് ലഭിച്ച യുനെസ്കോ പുരസ്കാര സമർപ്പണം തുടങ്ങിയ വിവിധ പദ്ധതികൾ മന്ത്രി ഭക്തർക്ക് സമർപ്പിച്ചു. 

പത്മനാഭൻ പ്രതിമ സമയബന്ധിതമായി പൂർത്തിയാക്കിയതിന് ദേവസ്വം ഭരണസമിതിയെയും പദ്ധതികൾ സ്പോൺസർ ചെയ്ത വഴിപാടുകാരെയും മന്ത്രി അനുമോദിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ, ഭരണസമിതി അംഗങ്ങളായ എ വി പ്രശാന്ത്, ഇപിആർ വേശാല, അഡ്വ. കെ വി മോഹന കൃഷ്ണൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായി.