സപ്ലൈകോ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചു

Share

* സപ്ലൈകോയിലൂടെ ഗുണമേൻമയുള്ള ഉല്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി അഡ്വ. ജി ആർ അനിൽ
ആധുനിക വിവരസാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് സപ്ലൈകോയിലൂടെ  ജനങ്ങൾക്ക് പരമാവധി വിലക്കുറവിൽ ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ  എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു.  
സംസ്ഥാനതലത്തിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലൂടെയുള്ള ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും തൃശൂർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ ആധുനികരണത്തിന്റെ പാതയിലാണ്. ഓൺലൈൻ ഹോം ഡെലിവറി പദ്ധതി, മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ ഔട്ട്ലെറ്റുകളിലും ഡിജിറ്റൽ പെയ്‌മെന്റ് ഗേറ്റ് വേ സമ്പ്രദായം, സപ്ലൈകോയുടെ പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, മാവേലി സ്റ്റോറുകൾ മുതൽ പീപ്പിൾസ് ബസാർ വരെയുള്ള ഔട്ട്ലെറ്റുകൾ, ഡിപ്പോ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ, ഹെഡ് ഓഫീസ് എന്നിവ തമ്മിൽ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കോർത്തിണക്കിയുള്ള സ്റ്റോക്കും വിൽപനയും ക്രമീകരിക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് സപ്ലൈകോ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോം ഡെലിവറി നടത്തിവന്നിരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സ്വന്തമായി ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും നടത്താൻ തീരുമാനിച്ചത്.
തൃശ്ശൂരിലെ മൂന്നു സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലാണ് ‘സപ്ലൈ കേരള’ എന്ന ആപ്പ് വഴി ഓൺലൈൻ വില്പനയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ മൂന്നിടങ്ങളിലെ പ്രവർത്തനം മികവുറ്റതാക്കി ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ഈ സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളിലുമുള്ള ഉപഭോക്താക്കൾക്ക് എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ ഇതിലൂടെ പൂർത്തീകരിക്കുന്നത്.
പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റ്  തിരഞ്ഞെടുത്ത് സപ്ലൈകോ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. അവശ്യ സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നതു വഴി ഉപഭോക്താക്കൾക്ക്  ക്യൂ നില്ക്കാതെ സമയവും പണവും ലാഭിച്ച്  സപ്ലൈകോ ഉൽപ്പന്നങ്ങൾ  വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും മന്ത്രി  വ്യക്തമാക്കി.
‘സപ്ലൈ കേരള’ വഴി പുതുതായി വിപണിയിലിറക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള തൽക്ഷണ അറിയിപ്പ്  ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സപ്ലൈകോ ഏതൊരു ഓൺലൈൻ ബില്ലിനും അഞ്ചു ശതമാനം വിലകിഴിവ് നല്കും.        
സംസ്ഥാനത്തെ അഞ്ചൂറിൽപരം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ   ‘സപ്ലൈ കേരള’ ആപ്പ് വഴി സപ്ലൈകോയുടെ വലിയൊരു വിതരണ ശൃംഖല സ്ഥാപിതമാകുന്നതോടു കൂടി  10,000-ലധികം യുവാക്കൾക്ക് തൊഴിൽ  അവസരങ്ങൾ ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
 എല്ലാ ഔട്ട്‌ലെറ്റുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സമ്പ്രദായം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. നിലവിൽ  ചില ഔട്ട്ലെറ്റുകളിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമാണെങ്കിലും ഉപഭോക്താക്കൾക്ക് പേയ്‌മെന്റ് ഗേറ്റ് വേകൾക്ക്  സർവീസ് ചാർജ് നൽകുന്ന സാഹചര്യം ഉണ്ട്. അത് പരമാവധി കുറച്ചോ തീരെ ഇല്ലാതാക്കിയോ ഉപഭോക്താക്കൾക്കും സപ്ലൈകോയ്ക്ക് നഷ്ടം ഇല്ലാത്ത രീതിയിൽ സമ്പ്രദായം ഏർപ്പെടുത്തും. ക്യു ആർ കോഡ് സ്‌കാനിങ്, കാർഡ് സൈ്വപ്പിങ്, ഇൻറർനെറ്റ് ബാങ്കിംഗ് എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള  പെയ്‌മെന്റ് ഗേറ്റ് വേകൾ ഏർപ്പെടുത്താനാണ് താൽപര്യ പത്രത്തിലൂടെ സേവനദാതാക്കളെ സപ്ലൈകോ ക്ഷണിച്ചിട്ടുള്ളതെന്നും ഓൺലൈൻ ഹോം ഡെലിവറി ആപ്പിലൂടെ ഈ സമ്പ്രദായം നിലവിൽ വരുമെങ്കിലും ഓഫ്ലൈൻ ആയി സാധനങ്ങൾ വാങ്ങിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ടാണ്  ഇത്തരം സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ അതിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ.ആർ.പി (എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിങ്) വികസിപ്പിക്കുന്നതിന്റെ പാതയിലാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ സപ്ലൈകോയുടെ പ്രവർത്തങ്ങൾ സുതാര്യവും സുഗമവും ശക്തവുമാക്കുവാൻ ഇ.ആർ.പി വഴി സാധ്യമാവും. 2022 ഏപ്രിലോടുകൂടി ഇത് നടപ്പിൽ വരുത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാവേലിസ്റ്റോറുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഔട്ട്ലെറ്റുകളിലെയും തൽസ്ഥിതി  ഹെഡ് ഓഫീസിൽ അറിയുന്നതിനും അതുവഴി സ്റ്റോക്കുകൾ ക്രമീകരിക്കുന്നതിനും കഴിയുമെന്നതാണ്  ഇതിൽ ഏറ്റവും വലിയ ഗുണം.
ഓരോ ഉപഭോക്താവിനും സപ്ലൈ കേരള ആപ്പിലൂടെ പേയ്‌മെന്റ്  ഉപാധികൾ ഉപയോഗപ്പെടുത്തി  ഉൽപ്പന്നങ്ങൾ  വാങ്ങാം. സപ്ലൈകോ ഓൺലൈൻ വിപണന ഉത്പന്നങ്ങൾക്ക് സർക്കാർ അംഗീകരിക്കുന്ന വിവിധ ഓഫറുകളും, ഡിസ്‌കൗണ്ടുകളും അതത് സമയങ്ങളിൽ ‘സപ്ലൈ കേരള’ ആപ്പ് വഴി അറിയിപ്പ് നല്കും. ‘സപ്ലൈ കേരള’ ആപ്പ് വഴി ലഭിക്കുന്ന ഓർഡറുകൾ ഏറ്റവും കൂടിയത് 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചു നല്കുമെന്നും സപ്ലൈകോയുടെ ഓരോ സൂപ്പർ മാർക്കറ്റിന്റെയും 10 കി.മീ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാവും.
നാലു കി.മീ ദൂരത്ത് അഞ്ചുകിലോ തൂക്കത്തിന് 35 രൂപയും ജിഎസ്റ്റിയും എന്നതാണ് നിശ്ചയിച്ചിരിക്കുന്ന മിനിമം നിരക്ക്. പിന്നീട് വേണ്ടി വന്നാൽ മാവേലി സ്റ്റോറുകളിലേക്കും ഓൺലൈൻ വില്പന നടപ്പിലാക്കുന്നതാണ്. സപ്ലൈകോയുടെ കംപ്യൂട്ടർ വിഭാഗം വികസിപ്പിച്ച ഇൻവെന്ററി മാനേജ്‌മെൻറ് വഴി എല്ലാ ‘സപ്ലൈകോ വില്പനശാലകളിലെ സ്റ്റോക്കും സെയിൽസും കേന്ദ്ര കാര്യാലയത്തിലെന്ന പോലെ എവിടെ നിന്നും അറിയാവുന്നതാണ്. ഈ വികസനം വഴി പൊതു വിപണിയിൽ സപ്ലൈകോയ്ക്ക് കുറച്ചു കൂടി ശക്തമായി ഇടപെടാൻ സാധിക്കും.
പൊതുവിതരണ മേഖലയെ ലാഭത്തിലാക്കുന്ന ഒരു ബദൽ നയം കേരളം സർക്കാർ ഉണ്ടാക്കിയെടുത്തു. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് സപ്ലൈകോ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. ജനങ്ങളുമായി  വകുപ്പ് വളരെ അടുത്തു നിൽക്കുന്നതിന്റെ തെളിവാണ് കോവിഡ് പശ്ചാത്തലത്തിലും കേരളം കണ്ടത്. കോവിഡ് കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നില്ലെന്നത് രാജ്യത്തിനു തന്നെ വലിയൊരു മാതൃകയാണെന്നും മന്ത്രി ഓർമിപ്പിച്ചു.
കോവിഡ് സാഹചര്യത്തിൽ 11 കോടി ഭക്ഷ്യക്കിറ്റുകളാണ്  13 തവണയായി 87 ലക്ഷം ജനങ്ങൾക്കു നൽകിയത്. ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടഞ്ഞു നിർത്താനും സർക്കാരിനു സാധിച്ചു. സംസ്ഥാനത്ത് 6  വർഷക്കാലമായി 13 നിത്യോപയോഗ സാധനങ്ങൾക്ക് അതേവില നിലനിർത്താൻ കഴിഞ്ഞത് സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിലൂടെയാണന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ ജനറൽ മാനേജർ ടി.പി. സലിം കുമാർ, ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലക്കാട് സപ്ലൈകോ റീജിയണൽ മാനേജർ ശിവകാമി അമ്മാൾ എന്നിവർ പങ്കെടുത്തു.