സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ 60 ശതമാനം

Share

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ സമ്പൂർണ കോവിഡ് 19 വാക്സിനേഷൻ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേർക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേർക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നൽകിയത്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 41.94 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇനിയും വാക്സിനെടുക്കാനുള്ളവർ ഉടൻ തന്നെ വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇടുക്കി ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 76 ശതമാനം പേർക്ക് വാക്സിൻ നൽകിയ വയനാടാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്. 73 ശതമാനം പേർക്ക് സമ്പൂർണ വാക്സിനേഷൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകിൽ. ആരോഗ്യ പ്രവർത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്.
കോവിഡ് ബാധിച്ചവർക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ.

Leave a Reply

Your email address will not be published.