ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

Share

ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍  വിലയിരുത്തുന്നതിന്  പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തകര്‍ന്നു പോയ ഞുണങ്ങാര്‍ പാലത്തിനു പകരമായി രണ്ടാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം നിര്‍മിക്കും. സീതത്തോട് – ആങ്ങമൂഴി – നിലയ്ക്കല്‍ – പ്ലാപ്പള്ളി റോഡിലെ കുടിവെള്ള പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ശബരിമല പാതയിലെ കടവുകള്‍ വൃത്തിയാക്കുകയും ബാരിക്കേടുകളും വിവിധ ഭാഷയിലുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. വടശേരിക്കര, പമ്പ എന്നിവിടങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം കര്‍ശനമായി ഉറപ്പുവരുത്തും. ഓരോ മണിക്കൂറിലും വെള്ളം പരിശോധിക്കുന്നതിനായി പമ്പയില്‍ പ്രത്യേക ലാബ് സജീകരിക്കും. പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കും. ഇടത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുടിവെള്ള കിയോസ്‌കുകള്‍ വരുന്ന തീര്‍ഥാടകരുടെ എണ്ണത്തിന് അനുസൃതമായി ഒരുക്കണം. ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട പഞ്ചായത്തുകള്‍, പ്രദേശങ്ങള്‍ എന്നിവയെ ഏകോപിപ്പിക്കുന്ന ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സുഗമമായ തീര്‍ഥാടനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സുഗമമായ മണ്ഡലകാലം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ പറഞ്ഞു.
അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍,  വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *