വർഗ്ഗീസ് കുര്യൻ – ചരമദിനം

Share

ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യൻ (26 നവംബർ 1921 – 9 സെപ്റ്റംബർ 2012). ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണവും നേടിക്കൊടുത്തു.

കർഷകരുടെ ഉടമസ്ഥതയിൽ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങൾ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെ മികച്ച രീതിയിലുള്ള ഭരണനിർവ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുൻ നിരയിലെത്തിച്ചത്. അമുൽ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റി നല്ലൊരു ജീവിതമാർഗ്ഗം നൽകുകയുണ്ടായി.

നിരവധി ബഹുമതകൾക്കുടമയാണ് വർഗീസ് കുര്യൻ. 1999 ൽ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു. 2012 സെപ്റ്റംബർ 9-ന് മരണമടഞ്ഞു.

ജീവിതരേഖ

ജനനം
1921 നവംബർ 26-ന് കോഴിക്കോട്ടെ സിറിയൻ ക്രിസ്ത്യൻ കുടുംബമായ പുത്തൻപാറയ്ക്കൽ ജനിച്ചു. പുത്തൻ പാറയ്ക്കൽ കുര്യനാണ് പിതാവ്. ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു അദ്ദേഹം.

കുടുംബം

ഭാര്യ: മോളി. മകൾ: നിർമ്മല കുര്യൻ. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ കേന്ദ്രധനകാര്യമന്ത്രിയുമായ ജോൺ മത്തായിയുടെ മരുമകനാണ് ഡോ. വർഗ്ഗീസ് കുര്യൻ. 2012 സെപ്റ്റംബർ 9 ഞായറാഴ്ച പുലർച്ചെ 1.30ന് ഗുജറാത്തിലെ നദിയാദിലുള്ള മുൽജിഭായി പട്ടേൽ യൂറോളജിക്കൽ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ശവസംസ്കാരം ഗുജറാത്തിലെ ആനന്ദിൽ നടന്നു.

വിമർശനം

കുര്യൻ നേതൃത്വം കൊടുത്ത ക്ഷീരോല്പാദന-വിപണനപദ്ധതികൾ ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മുൻഗണനകളും ചിലപ്പോഴൊക്കെ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. 1983-ൽ ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലും 1987-ൽ അതേ മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലും പരിസ്ഥിതിപ്രവർത്തകനും ശാസ്ത്രജ്ഞനുമായ ക്ലാഡ് ആൽവരസ്, ഓപ്പറേഷൻ ഫ്ലഡിന്റെയും ധവളവിപ്ലവത്തിന്റേയും പേരിലുള്ള അവകാശവാദങ്ങളെ “വെളുത്ത നുണ”(White lie) എന്നു വിശേഷിപ്പിച്ചിരുന്നു.

അന്തിമഘട്ടത്തിൽ താൻ വളർത്തി വലുതാക്കിയ പ്രസ്ഥാനത്തിലെ ചേരിപ്പോരും മറ്റ് പ്രശ്നങ്ങളും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB?wprov=sfla1