വന്ദേഭാരത് സാംസ്‌കാരിക
കേന്ദ്രങ്ങളെ ബന്ധിപ്പിക്കും

Share

തിരുവനന്തപുരം: ഇതുവരെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും സാംസ്‌കാരിക, ആത്മീയ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ ട്രെയിന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ട്രെയിനിന്റെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരം -ഷൊര്‍ണൂര്‍ പാത അര്‍ധ അതിവേഗ ട്രെയിനുകള്‍ക്കായി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പൂര്‍ത്തിയാകുമ്പോള്‍, തിരുവനന്തപുരംമുതല്‍ മംഗളൂരുവരെ അര്‍ധ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും.
അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പ്രതിവിധികള്‍ ലഭ്യമാക്കാനാണ് ശ്രമം. ഒരു സെമിഹൈബ്രിഡ് ട്രെയിന്‍, റീജണല്‍ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, റോറോ ഫെറി, റോപ്‌വേ തുടങ്ങിയ പ്രതിവിധികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ വന്ദേ ഭാരത് മെട്രോ കോച്ചുകള്‍ എന്നിവയുടെ തദ്ദേശീയ നിര്‍മാണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മെട്രോ ലൈറ്റ്, ചെറിയ നഗരങ്ങളിലെ അര്‍ബന്‍ റോപ്പ് വേ തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
കൊച്ചി വാട്ടര്‍ മെട്രോ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനായി തുറമുഖങ്ങള്‍ വികസിപ്പിച്ചതിന് കൊച്ചി കപ്പല്‍ശാലയെ അഭിനന്ദിക്കുകയും ചെയ്തു.