യുവതിക്ക് അശ്ലീല സന്ദേശം: സ്വാമിക്ക് എതിരെ കേസ് 

Share

കൊച്ചി: ഹിന്ദു ആത്മീയ ഗുരു എന്ന് അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദിന് എതിരെ പൊലീസ് കേസെടുത്തു.

യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചെന്ന പരാതിയിലാണ് കേസ്. തോപ്പുംപടി സ്വദേശിനിയായ 36കാരിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മാര്‍ച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി സ്വരൂപാനന്ദ കോടതിയെ സമീപിച്ചതായാണ് വിവരം.

ജനുവരി 29നും മാര്‍ച്ച് എട്ടിനും ഇടയില്‍ തൻറെ  ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്ത തൻറെ  ഭര്‍ത്താവിനെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

മുസ്ലീം പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്ന ആളാണ് സ്വരൂപാനന്ദ. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിലെ ഇയാളുടെ പൊതു താത്പര്യ ഹര്‍ജി. എന്നാല്‍ പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ടിയുള്ളതാണ് ഹര്‍ജിക്കാരൻറെ  ശ്രമം എന്ന് പറഞ്ഞ് കോടതി ഇത് തള്ളിയിരുന്നു.

അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണ് താനെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ സ്വരൂപാനന്ദയ്ക്ക് ഈ സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. ഒരു മാസം മുന്‍പ് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായാണ് ഇവരുടെ വാദം.

gun

ഈ കള്ളസ്വാമിയെ തോക്കിൻ മുനയിൽ നിർത്തി സംഘടനാ നേതൃത്വം തട്ടിയെടുക്കാൻ ശ്രമം നടന്നതായി പരാതി ഉയർന്നിരുന്നു. ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ മാർച്ച് എട്ടിന്  നാലംഗ സംഘം ഇടിച്ചു കയറി, തോക്ക് ചൂണ്ടിയും കത്തി കാട്ടിയും മുദ്രപത്രങ്ങളും ലെറ്റർ ഹെഡും ഒപ്പിട്ടു വാങ്ങിയ കേസിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

വരാപ്പുഴ ഗോപിക റീജൻസിയിൽ ആയിരുന്നു സംഭവം. കൈവശം ഉണ്ടായിരുന്ന 5000 രൂപ സംഘം തട്ടിയതായും സ്വാമി പരാതിപ്പെട്ടിരുന്നു.എ ടി എം കാർഡ് വാങ്ങി 30000 രൂപ വേറെയും പിടുങ്ങി.ഉടൻ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകി.
സുമേഷ് കൃഷ്ണ, ബൈജു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ്, സൗഭാഗ്‌ എന്നിവർ ഒളിവിലാണ്.

ഹൈക്കോടതി ലീഗൽ ഓഫിസറാണെന്ന് പറഞ്ഞ് നേരത്തെ പരിചയപ്പെട്ട ആളാണ് സന്തോഷ് എന്ന് സ്വാമി പറഞ്ഞിരുന്നു.സുമേഷ് കൃഷ്ണ ഹൈക്കോടതി അഭിഭാഷകൻ എന്നാണ് പറഞ്ഞിരുന്നത്.ഇവർക്ക് ലീഗൽ വെൽഫെയർ ഫോറം എന്ന സംഘടനയുണ്ട്.സന്തോഷിനെ ഹിന്ദു മഹാസഭയിൽ നിന്ന് സ്വാമി പുറത്താക്കിയിരുന്നു.12 വർഷമായി ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡൻറ് ആയ തന്നെ അടുത്തിടെ നാഗർകോവിലിൽ നടന്ന ദേശീയ സമ്മേളനം വീണ്ടും സംസ്ഥാന പ്രസിഡൻറ്, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തതായും സ്വാമി അവകാശപ്പെട്ടിരുന്നു.

സന്തോഷും ബിജുവും തോക്ക് പിടിച്ചിരിക്കുന്ന പടം അയച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി സ്വാമി പോലീസിനെ അറിയിച്ചിരുന്നു.