മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

Share

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ വിജ്ഞാന സമൂഹമെന്ന നിലയിലേക്കുള്ള മാറ്റം സാധ്യമാകാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള തലങ്ങളിൽവരെ കാലഘട്ടത്തിനുസരിച്ചുള്ള പുനഃസംഘാടനം വേണ്ടിവരുമെന്നാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര നവീകരണം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തി നാടിനെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനാണു ശ്രമം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ജൈവബന്ധം സൃഷ്ടിക്കണം. ആശയങ്ങളും അറിവും ഗവേഷണവും നാടിനു ഗുണകരമായ രീതിയിൽ പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം.
നാട്ടിൽ വ്യവസായം വരികയും വളരുകയും ചെയ്യണമെങ്കിൽ പശ്ചാത്തല സൗകര്യം വികസിക്കണം. ഇടതടവില്ലാത്ത വൈദ്യുതി ലഭ്യത, ആധുനിക ഗതാഗത സൗകര്യം, മെച്ചപ്പെട്ട ഇന്റർനെറ്റ് തുടങ്ങിയവയെല്ലാം വ്യവസായ വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുനിൽക്കുന്നു. ഇവ ഒരുക്കുന്നതിനുള്ള ഇടപെടൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ഊർജിതമായി നടക്കുന്നുണ്ട്. അര നൂറ്റാണ്ടു കാത്തിരുന്നാൽ സാധ്യമാകാത്ത പശ്ചാത്തല സൗകര്യ വികസനമാണു കിഫ്ബിയിലൂടെ സാധ്യമാക്കിയത്. അഞ്ചു വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികളാണു കിഫ്ബി വിഭാവനം ചെയ്തിരുന്നത്. എന്നാൽ 62,500 കോടിയുടെ പദ്ധതികൾക്കു തുടക്കംകുറിക്കാൻ കഴിഞ്ഞു. ഇതു കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തി.
വ്യവസായത്തിനൊപ്പം ടൂറിസം മേഖലയേയും ഉയർത്തിക്കൊണ്ടുവരണം. കംപ്യൂട്ടർ, വൈദ്യുതി വാഹനങ്ങൾ തുടങ്ങിയവയുടെ നിർമാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും കാർഷികോത്പന്ന മൂല്യവർധിത വ്യവസായങ്ങൾക്കും സംസ്ഥാനത്തു വലിയ സാധ്യതയാണുള്ളത്. ഇത്തരം സാധ്യതകൾ മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ നവകേരളമെന്ന ലക്ഷ്യപ്രാപ്തി സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *