പൊതുവിതരണ വകുപ്പിന്റെ ആദ്യ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി കോഴിക്കോട്

Share

പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ എല്ലാ സപ്ലൈ ഓഫീസുകളിലേയും ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലാക്കിയതോടെ പൊതുവിതരണ വകുപ്പിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി കോഴിക്കോട് മാറി. ഫയല്‍ നീക്കത്തിന്റെ വേഗം കൂട്ടാനും സുതാര്യമാക്കാനും ഇതുവഴി സാധിക്കും. ഡിജിറ്റല്‍  സിഗ്നേച്ചര്‍ വഴി ഓഫീസര്‍മാര്‍ക്ക് എവിടെയിരുന്നും  ഫയലുകള്‍ നോക്കാവുന്നതും ഒപ്പ് വെക്കാവുന്നതുമാണ്. ഓഫീസ് ഫയലുകള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സൂക്ഷിക്കാനും സാധിക്കും.

പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അപേക്ഷയുടെയും പരാതിയുടെയും തല്‍സ്ഥിതി https:/eoffice.kerala.gov.in  എന്ന പോര്‍ട്ടലില്‍  ലഭ്യമാവും.  റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും  നിലവില്‍ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും  സിറ്റിസണ്‍  ലോഗിന്‍ വഴിയുമാണ് സമര്‍പ്പിക്കേണ്ടത്. റേഷന്‍കാര്‍ഡിലെ മാറ്റങ്ങള്‍ക്കായോ പുതിയ  റേഷന്‍ കാര്‍ഡിനായോ  ഇപ്പോള്‍ സപ്ലൈ ഓഫീസുകളില്‍ പോവേണ്ടതില്ല. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് റേഷന്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

2022 ജനുവരിയോടെ പൊതുവിതരണ വകുപ്പിനു കീഴിലെ മുഴുവന്‍ ഓഫീസുകളും പൂര്‍ണ്ണമായി ഇ-ഓഫീസിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ജില്ലയിലെ സപ്ലൈ ഓഫീസുകള്‍ നിശ്ചയിച്ചതിലും നേരത്തെ ഇ-ഓഫീസായി മാറിയത്. ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസുകള്‍, നോര്‍ത്ത്/സൗത്ത് സിറ്റി റേഷനിംഗ് ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ്, റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ ഓഫീസ് എന്നിവയാണുള്ളത്. കോഴിക്കോട് ജില്ലാ പ്രോജക്ട് മാനേജര്‍ എല്‍.ബി.അഖിലിന്റെ നേതൃത്വത്തില്‍ എല്ലാ ഓഫീസുകളിലേയും ജീവനക്കാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. ഇ-ഓഫീസ് വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.