പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി

Share

കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി വേൽ ത്യാഗരാജനുമായി ചെന്നൈയിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇത് അറിയിച്ചത്.
സൗത്ത് ഇന്ത്യൻ ട്രാൻസ്‌പോർട്ട് കൗൺസിലിന്റെ (SITCO) കേരളത്തിൽ നടക്കുന്ന അടുത്ത സമ്മേളനത്തിലേക്ക് തമിഴ്‌നാട് ഗതാഗതമന്ത്രിയെ മന്ത്രി ആന്റണി രാജു ക്ഷണിച്ചു. 2022 ഏപ്രിലിൽ കേരളത്തിൽ നടക്കുന്ന യോഗത്തിൽ എട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയെ നേരിൽക്കണ്ട് യോഗത്തിലേക്ക് ക്ഷണിക്കും.  മന്ത്രിക്കൊപ്പം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറുമുണ്ടായിരുന്നു.
ഭാരത് സീരീസിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതോട് കൂടി ഇന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനത്തിൽ കുറവുണ്ടാകും. അത് കൊണ്ട് കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഭാരത് സീരീസ് ഇത് വരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നുള്ളത് കൊണ്ട് അത് നികത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും.  ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം, നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. അനധികൃത സാധനങ്ങൾ കടത്തിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങൾ എന്താണെന്ന് അറിയാൻ കഴിയില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് പഠിക്കാൻ ആര്ബി്‌ഐ നിയോഗിച്ച കാമത്ത് കമ്മിറ്റിയിൽ പൊതുഗതാഗത സംവിധാനത്തെ മാത്രം ഉൾപ്പെടുത്തിയിട്ടില്ല. ഇത് തിരുത്തണമെന്ന് ഇരു സംസ്ഥാന സര്ക്കാതരുകളും കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനങ്ങളിലെ പൊതുഗതാഗത സർവ്വീസുകൾ ദേശീയ പാതയിൽ ഭീമമായ ടോൾ നൽകേണ്ടി വരുന്നു. കേരള സർക്കാർ പ്രതി മാസം 2 കോടി രൂപയും, തമിഴ്‌നാട് സർക്കാർ പ്രതിമാസം 14 കോടി രൂപയുമാണ് ടോൾ നല്കു ന്നത്. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതു ഗതാഗത വകുപ്പുകളുടെ പൊതുവിലുള്ള സാമ്പത്തിക അവസ്ഥ പരിഗണിച്ച് കൊണ്ട് പൊതുഗതാഗത സംവിധാനങ്ങളെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കണമെന്നുള്ള നിർദ്ദേശം സമർപ്പിക്കും.
ഡീസൽ വാഹനങ്ങളിൽ നിന്നും, സിഎൻജി, എൽഎൻജി, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നുള്ള നിർദ്ദേശം കേന്ദ്രം നൽകിയിട്ടുണ്ട്. പൊതു ഗതാഗത സംവിധാനത്തിലെ ബസുകൾ ഇതിലേക്ക് മാറ്റുമ്പോൾ ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകും, ഇതെങ്ങനെ പരിഹരിക്കുമെന്ന് കേന്ദ്രം ഇത് പറഞ്ഞിട്ടില്ല. ഡീസൽ ബസ് വാങ്ങാൻ 35 ലക്ഷം രൂപയാണെങ്കിൽ ഇലക്ട്രിക് ബസ് വാങ്ങാൻ ഒന്നേകാൽ കോടി രൂപയാണ് ചിലവ്, ഇത് കൂടാതെ സിഎൻജിയുടെ വില അടിക്കടി കൂടുന്നു. ഡീസലും സിഎൻജിയും വലിയ വില വ്യത്യാസമില്ലാതെ വരുന്നതും ഭീമമായ തുക മുടക്കി ഇലക്ട്രിക് ബസ് വാങ്ങുമ്പോഴുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനങ്ങൾക്ക് താങ്ങാനാകില്ല. എൽഎൻജിയുടെ നിരക്ക് കേന്ദ്രം ഇത് വരെ പ്രഖ്യാപിച്ചിട്ടുമില്ല. സിഎൻജി, എൽഎൻജി വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന പൊതുഗതാഗത വകുപ്പിന്റെ പമ്പുകൾക്ക് കേന്ദ്രം സബ്‌സിഡി നല്കണം. സിഎൻജിക്കും, എൽഎൻജിക്കുമുള്ള അമിതമായ ജിഎസ്ടി പൊതുമേഖലയിലെ വാഹനങ്ങൾക്ക് ഒഴിവാക്കണം.
കേരളം- തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിൾ ദൈനം ദിനമായി ഉണ്ടാകുന്നപ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, എന്നിവരെ ചേർത്ത് ട്രാൻസ്‌പോർട്ട് കമ്മിറ്റി രൂപീകരിക്കണമെന്നും കേരളം നിർദ്ദേശിച്ചു. തമിഴ്‌നാടുമായുള്ള അന്തർ സംസ്ഥാന വാഹന പെർമിറ്റിനെ സംബന്ധിച്ച് സെക്രട്ടറി തലത്തിൽ കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും.  
കോവിഡ് കാരണം അടച്ചിട്ട അതിർത്തി പൊതു ഗതാഗതത്തിന് തുറന്ന് നൽകിയതിന് തമിഴ്‌നാട് മുഖ്യമന്ത്രി, എം.കെ. സ്റ്റാലിനും, മന്ത്രിമാർക്കും മന്ത്രി ആന്റണി രാജു പ്രത്യേക നന്ദി അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും പമ്പയിലേക്ക് വരുന്ന ബസുകൾ നേരത്തെ നിലയ്ക്കൽ വരെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. എന്നാൽ തമിഴ്‌നാടിന്റെ ആവശ്യപ്രകാരം പമ്പ വരെ കടത്തി വിടാനും തീരുമാനിച്ചു.
കേരളം ഉന്നയിച്ച ഗതാഗത മേഖലയിലെ വിവിധ ആവശ്യങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അനുകൂലമായി തീരുമാനം എടുക്കാമെന്ന് തമിഴ്‌നാട് മന്ത്രിമാർ ഉറപ്പ് നൽകിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗതാഗത വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കാൻ കേരളം തയ്യാറാണെന്നും ആന്റണി രാജു പറഞ്ഞു. കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് സ്വകാര്യ ബസുകളുമായി കരാർ ഉണ്ടാക്കി കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.