പുനർഗേഹം പദ്ധതി; സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ചാർജും ഒഴിവാക്കി നൽകും

Share

തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനർഗേഹം പദ്ധതിയിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ചാർജും ഒഴിവാക്കി നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കടലോരത്ത് വേലിയേറ്റ രേഖയുടെ 50 മീറ്റർ ദൂരപരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ തീരദേശ നിവാസികളെയും പുനരധിവസിപ്പിക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പുനർഗേഹം. 2450 കോടി രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി ഭൂമി വാങ്ങി ഭവനം നിർമിക്കുന്നതിനോ റെസിഡന്റ് ഗ്രൂപ്പുകളായി ഒരുമിച്ചു ഭൂമി വാങ്ങി കെട്ടിടസമുച്ചയം പണിയുന്നതിനോ വാസയോഗ്യമായ വീടും ഭൂമിയും ഒരുമിച്ചു വാങ്ങുന്നതിനോ കഴിയും. ഒരു കുടുംബത്തിന് വസ്തുവിനും ഭവന നിർമ്മാണത്തിനും കൂടി പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. വസ്തു വിലയും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ചാർജും ഉൾപ്പെടെ ഒരു ഗുണഭോക്താവിന് പരമാവധി വസ്തുവിലയായി അനുവദിക്കാവുന്ന തുക ആറ് ലക്ഷം രൂപയാണ്. വസ്തുവിലയുടെ ഏട്ട് ശതമാനം തുക സ്റ്റാംപ് ഡ്യൂട്ടിയും രണ്ട് ശതമാനം തുക രജിസ്‌ട്രേഷൻ ചാർജും ആയതിനാൽ ഉപഭോക്താക്കൾക്ക് ഫലത്തിൽ ലഭിക്കുന്ന തുകയിൽ കുറവ് വരുന്നു എന്ന് മനസിലാക്കിയാണ് ഇവ ഒഴിവാക്കി നൽകുവാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഭൂമി കണ്ടെത്തി രജിസ്‌ട്രേഷൻ നടത്തുന്നവർക്കും ഭൂമിയും വീടും ഒരുമിച്ചു കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. അറുപതിനായിരത്തോളം രൂപ ഇത്തരത്തിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *