പള്‍സര്‍ സുനി ദിലീപിനെഴുതിയ ഒറിജിനല്‍ കത്ത് കണ്ടെത്തി

Share

കൊച്ചി: പള്‍സര്‍ സുനി ദിലീപിനെഴുതിയ ഒറിജിനല്‍ കത്ത് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്‌. നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ ആണ് കണ്ടെത്തിയിരിക്കുന്നത്.

ദിലീപും പള്‍സറും തമ്മിലുള ബന്ധം കത്തില്‍ വ്യക്തമാകുന്നതായാണ് സൂചന. പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്‍റെ സാമ്പിള്‍ ശേഖരിച്ചു. കത്തിൻറെ  ആധികാരികത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്. 

വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. പള്‍സറിന്‍റെ സഹ തടവുകാരനായ കുന്നംകുളം  സ്വദേശി സജിത്തിന്‍റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവക്കാന്‍ ആകില്ല എന്നും കത്തില്‍ എഴുതിയിട്ടുണ്ട്.

പള്‍സര്‍ സുനി ഈ ഈ കത്ത് അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു.

”എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാൻ  തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,” കത്തില്‍ പറയുന്നു.

”യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,” കത്തില്‍ പറയുന്നു.

letter

കത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്.

”അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡൻറ്  സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതു കൊണ്ടല്ലേ”, കത്തില്‍ പറയുന്നു.

സിദ്ദിഖിന് പുറമെ സിനിമാ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിയുടെ  കത്തിലെ പരാമര്‍ശം.

”അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും”, കത്തില്‍ പറയുന്നു.

കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായും കത്തിൽ തെളിവുണ്ട്. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിൻറെ  സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിൻറെയും   ശ്രീകുമാര്‍ മേനോൻറെയും  പേര് കോടതിയില്‍ വിളിച്ച് പറയാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.

”എന്നെ സഹായിക്കുവാനാണെങ്കില്‍ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവാമായിരുന്നില്ലേ. ചേട്ടൻറെ കാശ് ഞങ്ങള്‍ക്ക് വേണ്ട. മാര്‍ട്ടിന്‍ പറഞ്ഞത് പോലെ ഞാന്‍ പറയില്ല. അനൂപ് ബാബു സാറിനെ കണ്ടതും ബാബു സാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ച് പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും മാര്‍ട്ടിന്‍ കോടതിയില്‍ എഴുതിക്കൊടുത്തതും ഞാന്‍ അറിഞ്ഞു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ. ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി. എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു,” കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.