പഞ്ചായത്ത് തലത്തില്‍ ഫുട്‌ബോള്‍ ലീഗ്; കായിക മേഖലയില്‍ സമഗ്രമായ മാറ്റം: മന്ത്രി വി അബ്ദുറഹ്മാന്‍

Share

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തില്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരികയായിരുന്നു അദ്ദേഹം.
ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും കരാറൊപ്പിട്ടതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കും. മുഴുവന്‍ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിച്ച ധര്‍മ്മടം മണ്ഡലത്തെ സംസ്ഥാന മാതൃകാ മണ്ഡലമാക്കും. കായിക മേഖലയില്‍ വലിയ മാറ്റമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കണ്ണൂരില്‍ ആണ്‍കുട്ടികള്‍ക്കായി പുതിയ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കെട്ടിടം പണിയും. 4500 കോടി രൂപയുടെ ടര്‍ഫുകളാണ് കേരളത്തിലുള്ളത്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തും. എല്ലാ പഞ്ചായത്തിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കും. മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജവഹര്‍ സ്റ്റേഡിയം സംബന്ധിച്ച് നൂറ് കണക്കിന് നിവേദനങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും ലഭിച്ചത്.മറ്റൊരു ജില്ലയില്‍ നിന്നും ഇത്തരമൊരനുഭവമില്ല. കായിക പ്രേമികളായ കണ്ണൂരിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ കോര്‍പ്പറേഷന്‍ ഭരണസമിതി മുന്നോട്ട് വരണം. മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലും അദ്ദേഹം സന്ദര്‍ശിച്ചു.